കൊച്ചി: യുഎഇ മാനവ വിഭവശേഷി -സ്വദേശിവത്കരണ മന്ത്രാലയത്തിന്റെ തൊഴിൽ മികവിനുള്ള പുരസ്കാരം മലയാളിക്ക്. അബുദാബി കനേഡിയൻ മെഡിക്കൽ സെന്റർ തൊഴിലാളിയും മലയാളിയുമായ പ്രമീള കൃഷ്ണ(51)നാണ് പുരസ്കാരത്തിന് അർഹയായത്. 13 വർഷത്തെ മികച്ച സേവനത്തിനാണ് പ്രമീളയ്ക്ക് പുരസ്കാരം ലഭിച്ചത്.
ഒരു ലക്ഷം ദിർഹം ആണ് പുരസ്കാര തുക. (ഇന്ത്യ രൂപ 22 ലക്ഷത്തിലേറെ). ഇവയ്ക്ക് പുറമെ സ്വർണനാണയം, സർടിഫിക്കറ്റ്, മെമെന്റോ, ഇൻഷുറൻസ് കാർഡ്, ഗിഫ്റ്റ് വൗച്ചർ എന്നിവയടങ്ങുന്ന സമ്മാനങ്ങളും പ്രമീളക്ക് ലഭിച്ചു.
പുരസ്കാര നിറവിൽ സന്തോഷം പങ്കുവച്ച് പ്രമീള. പുരസ്കാര നേട്ടത്തിൽ വലിയ സന്തോഷമുണ്ട്. കൂടുതൽ ആത്മാർത്ഥതയോടെ ജോലി ചെയ്യാനുള്ള പ്രോത്സാഹനം കൂടിയാണ് ഈ പുരസ്കാരമെന്ന് പ്രമീള പറഞ്ഞു.
രാവിലെ എട്ടിന് ജോലിക്കെത്തും. ഡോക്ടർമാരുടെ റൂമിലെത്തി അവർക്ക് ആവശായമായ കാര്യങ്ങൾ എല്ലാം ചെയ്ത് മെഡിക്കൽ വേസ്റ്റുകൾ മാറ്റി 9 മണിയാകുമ്പോഴേക്കും കൃത്യമായി പൂർത്തിയാക്കി വെക്കുമെന്നും പ്രമീള കൂട്ടിചേർത്തു. 13 വർഷം മുൻപ് ഇവിടെ എത്തിയപ്പോൾ തുടക്കത്തിൽ നല്ല ബുദ്ധിമുട്ടുണ്ടായിരുന്നു എന്നും ഡോക്ടർമാരുടേയും നഴ്സുമാരുടേയും കൂടെ നിന്ന് കാര്യങ്ങൾ കൃത്യമായി പഠിച്ചെടുത്തെന്നും പ്രമീള പറഞ്ഞു.