ദുബായ്: യുഎഇയുടെ കിഴക്കൻ തീരത്ത് സൗദിയുടെ നാലു ചരക്കു കപ്പലുകൾക്കു നേരെ ആക്രമണമുണ്ടായി. ഫുജൈറ തീരത്ത് വച്ചുണ്ടായ ആക്രമണത്തില്‍ സൗദിയുടെ രണ്ട് എണ്ണ ടാങ്കറുകള്‍ക്ക് വലിയ നാശനഷ്ടമുണ്ടായതായാണ് റിപ്പോർട്ട്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
ഇറാനുള്ള അമേരിക്കന്‍ മുന്നറിയിപ്പിനു തൊട്ടുപിന്നാലെയാണ് ആക്രമണം ഉണ്ടായിരിക്കുന്നത്. സൗദിയില്‍നിന്ന് അമേരിക്കയിലേക്ക് പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുപോയ കപ്പലുകളാണ് ആക്രമണത്തിന് ഇരയായതെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
നേരത്തേ, ഹോർമുസ് കടലിടുക്ക് അടച്ച് എല്ലാ രാജ്യങ്ങളുടെയും എണ്ണക്കപ്പലുകളുടെ നീക്കം തടസപ്പെടുത്തുമെന്ന് ഇറാൻ ഭീഷണി മുഴക്കിയിരുന്നു. ഇതിനെ തുടർന്ന് അവർക്ക് മുന്നറിയിപ്പായി അമേരിക്ക യുദ്ധക്കപ്പലുകളും പോർവിമാനങ്ങളും പശ്ചിമേഷ്യൻ കടലിലേക്ക് അയച്ചിരുന്നു.