അബുദാബി: പുതിയ ട്രാഫിക് നിയമ പരിഷ്കരണവുമായി യുഎഇ. മോശം കാലാവസ്ഥ ഉള്‍പ്പെടെയുള്ള അപകടകരമായ സാഹചര്യങ്ങളില്‍ സുരക്ഷ വര്‍ധിപ്പിക്കുന്നതിനായാണു നിയമങ്ങളിലെ മാറ്റം.
നിയമങ്ങള്‍ ലംഘിച്ചാല്‍ 1000 ദിര്‍ഹം മുതല്‍ 2000 ദിര്‍ഹം വരെയാണ് പിഴ. പുതുക്കിയ നിരക്കാണിത്.
ജനങ്ങളുടെ ജീവന്റെ സുരക്ഷയ്ക്കും റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനുമാണു പുതിയ മാറ്റങ്ങളെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു.
നിയമലംഘനങ്ങളില്‍ പിഴ ചുമത്തുന്നതിനു പുറമേ ബ്ലാക്ക് പോയിന്റുകളുമുണ്ടാകും. കൂടാതെ വാഹനം 60 ദിവസത്തേക്കു കണ്ടുകെട്ടുകയും ചെയ്യും.
ഗതാഗതനിയന്ത്രണത്തോടു സഹകരിക്കാതിരിക്കുകയോ അടിയന്തര സാഹചര്യങ്ങളിലും ദുരന്തങ്ങളിലും ആംബുലന്‍സ്, റെസ്ക്യൂ വാഹനങ്ങള്‍ എന്നിവയ്ക്ക് തടസം സൃഷ്ടിക്കുകയോ ചെയ്താല്‍ 1,000 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയിന്റുകളും ലഭിക്കും.