യുഎഇയില്‍ ജോലി ചെയ്യുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്കൊരു സന്തോഷവാര്‍ത്ത. ശമ്പളം മുടങ്ങുന്നത് തടയാനുള്ള സുപ്രധാനമായൊരു നടപടിയുമായി യുഎഇ സര്‍ക്കാര്‍. യുഎഇയില്‍ തൊഴിലാളികള്‍ക്കു യഥാസമയം വേതനം കിട്ടുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കടുത്ത നടപടി തുടങ്ങുന്നു. മനുഷ്യവിഭവശേഷി–സ്വദേശിവല്‍ക്കരണ മന്ത്രാലയം ജൂലൈയില്‍ പ്രഖ്യാപിച്ച നിയമമാണ് ഈ മാസം മുതല്‍ നടപ്പാക്കുക. തൊഴിലാളികള്‍ക്ക് മുഴുവന്‍ ശമ്പളവും കൃത്യമായി ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.
യഥാസമയം ശമ്പളം നല്‍കിയില്ലെങ്കില്‍ കമ്പനിക്കെതിരേ നടപടിയുണ്ടാകും. നൂറിലേറെ തൊഴിലാളികള്‍ ജോലിചെയ്യുന്ന കമ്പനിയാണെങ്കില്‍ വേതനസംരക്ഷണ സംവിധാനത്തില്‍ (ഡബ്ല്യുപിഎസ്) റജിസ്റ്റര്‍ ചെയ്ത തീയതി മുതല്‍ പത്തുദിവസത്തിനകം ശമ്പളം നല്‍കിയിരിക്കണമെന്ന് ഇന്സ്പെക്ഷന്സ് വിഭാഗം വ്യക്തമാക്കി. ശമ്പളം മുടങ്ങിയതിന്റെ പതിനാറാമത്തെ ദിവസം മുതല്‍ ഈ കമ്പനികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റുകള്‍ നല്‍കില്ല. തുടര്‍ച്ചയായ രണ്ടാം മാസവും വേതനം മുടങ്ങിയാല്‍ കൂടുതല്‍ നടപടികള്‍ ഉണ്ടാകും. ഒരുമാസം വേതനം മുടങ്ങുമ്പോള്‍ തന്നെ കമ്പനികള്‍ക്കെതിരെ നടപടികള്‍ തുടങ്ങുകയും പ്രവര്‍ത്തനങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും ചെയ്യും.