പതിറ്റാണ്ടുകൾ നീണ്ട ഒൗദ്യോഗിക ജോലിക്കിടെ ഒരു പ്രാവശ്യം പോലും അവധിയെടുക്കാതിരുന്ന ഉദ്യോഗസ്ഥനെ ആദരിച്ച് പോലീസ് സേന. റാസൽഖൈമയിലെ പോലീസ് ഉദ്യോഗസ്ഥനായ അബ്ദുൽ ഒബൈദ് അൽ തുനാജിയെയാണ് സഹപ്രവർത്തകരും ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് ആദരിച്ചത്.
43 വർഷങ്ങൾ നീണ്ട സർവീസിനിടെയിൽ അദ്ദേഹം ഒരുപ്രാവശ്യം പോലും അവധിയെടുത്തിട്ടില്ല. റാസൽഖൈമ പൊലീസ് ജനറൽ കമാൻഡർ മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുമൈമിയുടെ നേതൃത്വത്തിലാണ് അബ്ദുൽ ഒബൈദ് അൽ തുനാജിയെ ആദരിച്ചത്.
റാസൽഖൈമ പൊലീസിലെ നോണ്‍ കമ്മീഷൻഡ് ഓഫിസർ ആയിരുന്ന അബ്ദുൽ റഹ്മാൻ ഒബൈദ് അൽ തുനാജി ട്രാഫിക് ആൻഡ് പട്രോൾ ഡിപ്പാർട്ട്മെന്റിലാണ് ജോലി ചെയ്യുന്നത്. ഒരു ദിവസം പോലും അവധിയെടുക്കാതെ 43 വർഷമാണ് അദ്ദേഹം ജോലി ചെയ്തത്.
സമയനിഷ്ഠയുടെ കാര്യത്തിലും തൊഴിൽപരമായ കഴിവിന്റെ കാര്യത്തിലും അദ്ദേഹം എല്ലാവർക്കും മാതൃകയാണെന്ന് മേജർ ജനറൽ അലി അബ്ദുല്ല ബിൻ അൽവാൻ അൽ നുമൈമി പറഞ്ഞു. അദ്ദേഹത്തിന്റെ ആത്മാർഥതയും പ്രതിബദ്ധതയും ഡിപാർട്ട്മെന്റിന് വലിയ നേട്ടങ്ങൾ സമ്മാനിച്ചിട്ടുണ്ടെന്നും മേജർ ജനറൽ വ്യക്തമാക്കി.
അനുമോദനങ്ങൾക്കും നല്ല വാക്കുകൾക്കും അബ്ദുൽ റഹ്മാൻ ഒബൈദ് അൽ തുനാജി റാസൽഖൈമ പൊലീസിന് നന്ദി പറഞ്ഞു. ഞാൻ എന്റെ ജോലി ചെയ്യുക മാത്രമാണ് ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ജോലിക്ക് മികച്ച പിന്തുണ നൽകുന്ന യുഎഇ നേതൃത്വത്തിന് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.