സ്വാതന്ത്ര്യലബ്ധിയുടെ എഴുപത്തിയഞ്ചാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യക്കാർക്ക് അഭിമാനം പകർന്ന യുഎഇയിൽ നിന്നൊരു വാർത്ത.
യുഎഇയുടെ ആദ്യത്തെ ബഹിരാകാശ യാത്രികന്റെ യാത്രാശേഖരത്തിലുണ്ടായിരുന്ന അമൂല്യവസ്തുക്കളിൽ ഇന്ത്യൻ പതാകയും ഉൾപ്പെട്ടിരുന്നു എന്ന വാർത്തയാണ് ഇന്ത്യൻ ജനതയ്ക്ക് അഭിമാനം പകരുന്നത്.
യുഎഇ യുടെ ആദ്യ ബഹിരാകാശ യാത്രികനായ ഹസ്സ അൽ മൻസൂരി 2019 സെപ്റ്റംബർ 25 ന് തന്റെ കന്നിയാത്രയിൽ ഇന്ത്യൻ പതാകയും കൈയിൽ കരുതിയിരുന്നതായി കഴിഞ്ഞ ദിവസമാണ് അബുദാബി മുഹമ്മദ് അൽ റാഷിദ് സ്പേസ് സെന്ററിന്റെ ഡയറക്ടർ ജനറൽ സലിം ഹുമൈദ് അൽ മാരി വെളിപ്പെടുത്തിയത്.
ഇന്ത്യൻ അംബാസഡർ സഞ്ജയ് സുധീറുമായുള്ള കൂട്ടിക്കാഴ്ചയിലാണ് അൽ മാരി ഇക്കാര്യം വെളിപ്പെടുത്തിയത്.ആ പതാക അദ്ദേഹം ഇന്ത്യൻ അംബാസിഡർക്ക് കൈമാറുകയും ചെയ്തു.
ഇന്ത്യയും യു.എ.ഇയും തമ്മിൽ ബഹിരാകാശ ഗവേഷണ രംഗത്ത് നടത്തുന്ന കൂട്ടായ പ്രവർത്തനങ്ങളെ കുറിച്ച് ഇരുവരും ചർച്ച നടത്തി.
ഈ മേഖലയിൽ ഇരുരാജ്യങ്ങൾക്കും ഒന്നിച്ച് ഒട്ടേറെ കാര്യങ്ങൾ ചെയ്യാനാകുമെന്നും അൽമാരി അഭിപ്രായപ്പെട്ടു.