ട്വന്റി20 ലോകകപ്പില്‍ പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിച്ചത് പടക്കം പൊട്ടിച്ച് ആഘോഷിച്ച മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെ യുഎപിഎ ചുമത്തി കേസ് എടുത്തു. ശ്രീനഗറിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്കെതിരെയാണ് കേസ്.
ശ്രീനഗര്‍ മെഡിക്കല്‍ കോളജിലെയും ഷെരെ കശ്മീര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെയും വനിത ഹോസ്റ്റലിലെ കുട്ടികളും പാകിസ്ഥാന് വിജയത്തില്‍ ആഹ്ലാദിക്കുന്നതും പാകിസ്ഥാന് അനുകൂല മുദ്രാവാക്യം വിളിക്കുന്നതും വീഡിയോകളില്‍ കാണാം.
തുടര്‍ന്ന് സോഷ്യല്‍ മീഡിയയില്‍ ഈ ക്ലിപ്പ് വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
വിദ്യാര്‍ഥികള്‍ക്കെതിരെ കേസ് എടുക്കരുതെന്ന് ജമ്മുകശ്മീര്‍ പീപ്പിള്‍സ് കോണ്‍ഫ്രന്‍സ് നേതാവ് സജാദ് ലോണ്‍ പറഞ്ഞു. ഇവര്‍ക്കെതിരെ കേസ് എടുത്ത നടപടിയോട് ശക്തമായി വിയോജിക്കുന്നു.
മറ്റൊരു ടീമിനെ പ്രോത്സാഹിപ്പിക്കുന്നത് കൊണ്ട് രാജ്യദ്രോഹികളായി കാണുന്നുണ്ടെങ്കില്‍ അവരെ പിന്തിരിപ്പിക്കാനുള്ള ധൈര്യവും വിശ്വാസവും നിങ്ങള്‍ക്കുണ്ടാകണം. ശിക്ഷാനടപടികള്‍ സ്വീകരിച്ചത് കൊണ്ട് കാര്യമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
ഷെരെ, കരണ്‍ നഗര്‍ പൊലിസ് സ്റ്റേഷനുകളില്‍ യുഎപിഎ സെക്ഷന്‍ 13 പ്രകാരം രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തതായി ജമ്മു കശ്മീര്‍ പോലിസ് അറിയിച്ചു.
അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാര്‍ക്കെതിരേ നടപടിയെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. അതേസമയം, കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.
പാക് വിജയത്തില്‍ പടക്കം പൊട്ടിക്കുന്നവരെ ഇന്ത്യക്കാരെന്ന് വിളിക്കാന്‍ സാധിക്കില്ലെന്ന് മുന്‍ ഇന്ത്യന്‍താരം ഗൗതം ഗംഭീര്‍ പറഞ്ഞു. ലജ്ജാകരം.
നിങ്ങള്‍ ഈ രാജ്യത്ത് ജീവിക്കുന്നതിനാലാണ് ഇന്ത്യക്കാരന് എന്ന് വിളിക്കപ്പെടുന്നത്. പക്ഷേ മറ്റൊരു രാജ്യം ജയിക്കുമ്പോഴോ പാക്കിസ്ഥാന് ജയിക്കുമ്പോഴോ നിങ്ങള്‍ പടക്കം പൊട്ടിക്കാന്‍ തുടങ്ങും.
ഇത് തികച്ചും അസ്വീകാര്യമാണ്. പടക്കം പൊട്ടിച്ചവര്‍ക്ക് സ്വയം ഇന്ത്യക്കാരെന്ന് വിളിക്കാനാവില്ലെന്നും ഗംഭീര്‍ പറഞ്ഞു.
ഞായറാഴ്ച നടന്ന മത്സരത്തില്‍ ഇന്ത്യ 10 വിക്കറ്റിന് പാകിസ്ഥാനോട് പരായപ്പെട്ടിരുന്നു. ലോകകപ്പില്‍ പാക്കിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കുന്നത് ഇത് ആദ്യമായി ആയിരുന്നു.