കോഴിക്കോട്: സിപിഎം ഉള്പ്പെടെയുള്ള മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങളില് നഗര മാവോയിസ്റ്റ് അനുഭാവികള് നുഴഞ്ഞുകയറിയിട്ടുണ്ടെന്ന് മൊഴി. യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലന്മുഹമ്മദ്, താഹ ഫസല് എന്നിവരാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏതെങ്കിലും രാഷ്ട്രീയ പാര്ട്ടികളില് അംഗത്വം വഹിക്കാനും സജീവമായി പ്രവര്ത്തിക്കാനും മാവോയിസ്റ്റ് സംഘത്തിലെ ചിലര് നിര്ദേശം നല്കിയിരുന്നു.
ഇതേ തുടര്ന്നാണ് രണ്ടുവര്ഷമായി സിപിഎമ്മില് പ്രവര്ത്തിച്ചതെന്നും പാര്ട്ടിയെ മറയാക്കി മാവോയിസ്റ്റ് അനുകൂല പ്രവര്ത്തനങ്ങള് നടത്തിയിരുന്നുവെന്നും യുവാക്കള് മൊഴി നല്കി. ഉത്തരമേഖലയാണ് പ്രധാന പ്രവര്ത്തനമേഖലയായി തെരഞ്ഞെടുത്തത്. കോഴിക്കോടിനു പുറമേ കണ്ണൂര് , വയനാട്, മലപ്പുറം ജില്ലകളിലും നഗര മാവോയിസ്റ്റുകള് സജീവമായുണ്ടെന്നും ഇരുവരും വ്യക്തമാക്കി.
കേസന്വേഷിക്കുന്ന ലോക്കല് പോലീസിനോടും ഇന്റലിജന്സ് ബ്യൂറോ(ഐബി) , ദേശീയ അന്വേഷണ ഏജന്സി(എന്ഐഎ) എന്നിവരോടും യുവാക്കള് ഇക്കാര്യം വ്യക്തമാക്കി. സിപിഎമ്മിനെ തെരഞ്ഞെടുത്തത് സ്വമേധയാ അല്ലെന്നും വ്യക്തമായ നിര്ദേശം ഇക്കാര്യത്തില് ലഭിച്ചുവെന്നും യുവാക്കള് പറഞ്ഞു. 18 ഓളം പേര് കോഴിക്കോട് നഗരം കേന്ദ്രീകരിച്ച് മാത്രം പ്രവര്ത്തനം നടത്തുന്നുണ്ട്.
പലപ്പോഴും യോഗം ചേരുന്നതും പ്രതിഷേധപരിപാടികളും മറ്റും സംഘടിപ്പിക്കുന്നതും ഇത്തരത്തില് പ്രവര്ത്തിക്കുന്നവരുടെ നിര്ദേശാനുസരണമാണ്. പാണ്ടിക്കാട് ഉസ്മാനുള്പ്പെടെ ഒളിവില് കഴിയുന്ന രണ്ടു പേര് മാത്രമാണ് ക്ലാസുകളെടുത്തിരുന്നതെന്നും മാവോയിസ്റ്റ് നേതാക്കളായവരെ കണ്ടിട്ടില്ലെന്നും ഇരുവരും വ്യക്തമാക്കി.
അതേസമയം മാവോയിസ്റ്റുകളെ എതിര്ക്കുന്ന പ്രധാന രാഷ്ട്രീയ പാര്ട്ടിയിലുള്പ്പെടെ മാവോയിസ്റ്റ് ആശയങ്ങള് പ്രചരിപ്പിക്കുന്ന നഗര മാവോയിസ്റ്റുകള് പ്രവര്ത്തിക്കുന്നുണ്ട്. ഇത്തരത്തിലുള്ളവരുടെ പേര് സഹിതമാണ് യുവാക്കള് വ്യക്തമാക്കിയത്. എന്നാല് മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സ്ഥിരീകരിക്കത്തക്ക തെളിവുകളില്ലാത്തതിനാല് ഇവരെ അറസ്റ്റ് ചെയ്യാന് പോലീസിനാവില്ല.