കൊച്ചി: പന്തീരാങ്കാവ് യുഎപിഎ കേസില്‍ തന്നെ മാപ്പുസാക്ഷിയാക്കി കൂട്ടുപ്രതിയായ താഹക്കെതിരേ മൊഴി നല്കാന് എന്‍ഐഎ സമ്മര്‍ദം ചെലുത്തുന്നുവെന്ന് കേസിലെ മറ്റൊരു പ്രതിയായ അലന് ഷുഹൈബ്.
കേസില്‍ തന്നെ മാപ്പ് സാക്ഷിയാക്കാന്‍ എന്‍ഐഎ ശ്രമിക്കുകയാണെന്നും അലന് ഷുഹൈബ് കൊച്ചിയിലെ എന്‍ഐഎ കോടതിയില്‍ പരാതിപ്പെട്ടു. വിവിധ ഭാഗങ്ങളില്‍നിന്ന് തനിക്ക് സമ്മർദമുണ്ട്. ഇത്തരത്തില്‍ മൊഴി നല്കാന് തയാറല്ലെന്ന് അലന് കോടതിയില്‍ ബോധ്യപ്പെടുത്തി.
അലന് സ്വമേധയാ വേണമെങ്കില്‍ തീരുമാനമെടുക്കാമെന്നും സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്ന് എന്‍ഐഎ അഭിഭാഷകന് കോടതിയില്‍ അറിയിച്ചു. ഇരുവരെയും പ്രത്യേകം സെല്ലുകളിലാക്കണമെന്നും എന്‍ഐഎ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത്തരത്തില്‍ വേര്‍തിരിക്കാനുള്ള ആവശ്യം നിയമവിരുദ്ധമാണെന്ന് പ്രതിഭാഗവും കോടതിയില്‍ ബോധിപ്പിച്ചു.
ലോക്ക് ഡൗണ്‍ കാലത്ത് ഇരുവരെയും വക്കീലിനെ കാണാനും മാതാപിതാക്കള്‍ക്ക് സന്ദര്‍ശിക്കാനുമുള്ള സൗകര്യത്തിന് കാക്കനാട് ജയിലിലേക്ക് മാറ്റാന്‍ കോടതി അനുവദിച്ചിരുന്നു.
കാക്കനാട് ജയിലിലെ “സി’ ബ്ലോക്കിലെ നിയമവിരുദ്ധ ലോക്കപ്പില്‍നിന്ന് തിരികെ വിയ്യൂരിലെക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് അലനും താഹയും എന്‍ഐഎ കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. ഈ അപേക്ഷ പരിഗണിച്ച് പ്രതികളെ വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരാക്കിയപ്പോഴാണ് തന്നെ മാപ്പ്സാക്ഷിയാകാന്‍ സമ്മര്‍ദമുണ്ടെന്ന് അലന് പറഞ്ഞത്.