കോഴിക്കോട്: കോഴിക്കോട്ട് യുഎപിഎ ചുമത്തപ്പെട്ട യുവാക്കള്‍ മാവോയിസ്റ്റുകളാണെന്ന് സ്ഥിരീകരിച്ച് സിപിഎം. ഇരുവരുടേയും മാവോയിസ്റ്റ് ബന്ധത്തിന് വ്യക്തമായ തെളിവുണ്ടെന്ന് പന്നിയങ്കരയിലെ വിശദീകരണ യോഗത്തിൽ സിപിഎം വ്യക്തമാക്കി. യുഎപിഎ കേസിൽ പാർട്ടിക്കുള്ളിൽ തന്നെ ഭിന്നാഭിപ്രായം ശക്തമായതോടെയാണ് പാർട്ടി വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്.
സ്ത്രീകളടക്കം പതിനഞ്ചോളം പാർട്ടി പ്രവർത്തകരുടെ സാന്നിദ്ധ്യത്തിലാണ് പോലീസ് താഹയുടെ വീട്ടിൽ റെയ്ഡ് നടത്തിയത്. ഇവിടെനിന്നും പിടിച്ചെടുത്ത രേഖകളെല്ലാം അറസ്റ്റിലായ യുവാക്കളുടെ മാവോയിസ്റ്റ് സബന്ധത്തിന് തെളിവാണ്. താഹയ്ക്കും അലനും എതിരായ തെളിവുകൾ പോലീസ് സൃഷ്ടിച്ചവയല്ലെന്നും ജില്ലാ കമ്മിറ്റി അംഗം പി.കെ പ്രേംനാഥ് വിശദീകരണ യോഗത്തിൽ പറഞ്ഞു.
പോലീസ് താഹയെ ഭീഷണിപ്പെടുത്തി മുദ്രാവാക്യം വിളിപ്പിച്ചില്ല. താഹ മാവോയിസ്റ്റ് അനുകൂല മുദ്രാവാക്യം സ്വയം വിളിക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യുഎപിഎ കേസിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ കാനത്തിനെതിരെയും രൂക്ഷ വിമർശനമാണ് ഉയർത്തിയത്. തെറ്റെല്ലാം പിണറായിക്കും ശരിയെല്ലാം തനിക്കും എന്നാണ് കാനത്തിന്റെ നിലപാട്. രാജൻ കേസിൽ ഈച്ചരവാരിയരോട് അനീതികാട്ടിയവരാണ് സിപിഐ. പിണറായിയെ വിമർശിക്കാൻ കാനത്തിന് എന്ത് അർഹതയെന്നും പ്രേംനാഥ് ചോദിച്ചു.
അലനും താഹയും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയനും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അന്വേഷണത്തില്‍ ഇക്കാര്യം ബോധ്യപ്പെട്ടു. അലനും താഹയും സിപിഎം പ്രവര്‍ത്തകരല്ലെന്നും പിണറായി വാർത്താ സമ്മേളനത്തിൽ തുറന്നടിച്ചു.