കോഴിക്കോട്: സംസ്ഥാനത്ത് ഏറെ വിവാദം സൃഷ്ടിച്ച പന്തീരങ്കാവ് മാവോയിസ്റ്റ് കേസില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. സിപിഎം പ്രവര്‍ത്തകരായിരുന്ന അലന് മുഹമ്മദ്, താഹ ഫസല്‍ എന്നിവരെയാണ് എന്‍ഐഎ കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങുന്നത്. ഇരുവരും കോഴിക്കോട് ജില്ലാജയിലിലാണിപ്പോഴുള്ളത്.
ലോക്കല്‍ പോലീസിന്റെ അന്വേഷണ ഫയലുകള്‍ ഏറ്റെടുത്ത എന്‍ഐഎ ജില്ലാ സെഷന്‍സ്കോടതിയുടെ പരിഗണനയിലുള്ള കേസ് എന്‍ഐഎ കോടതിയിലേക്ക് മാറ്റാനുള്ള അപേക്ഷ നല്‍കിയിട്ടുണ്ട്.തുടര്‍ന്ന് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്നാണറിയുന്നത്.രാജ്യസുരക്ഷയെ ബാധിക്കും വിധത്തിലുള്ള കേസായതിനാല്‍ കൂടുതല്‍ അന്വേഷണം നടത്തുന്നതിനു വേണ്ടിയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് എന്‍ഐഎ ഏറ്റെടുത്തത്.
കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരായിരുന്ന അലനും താഹയ്ക്കുമെതിരേ യുഎപിഎ ചുമത്തിയതാണ് എന്‍ഐഎ അന്വേഷണത്തിന് കാരണം. യുഎപിഎ ചുമത്തുന്നതില്‍ നിന്ന് സംസ്ഥാന സര്‍ക്കാര്‍ അവസാന നിമഷം വരെ പിന്മാറിയിരുന്നില്ല. എന്‍ഐഎ കൊച്ചി യൂണിറ്റാണ് അന്വേഷിക്കുന്നത്. കേസ് ഫയലുകള്‍ വിശദമായി പരിശോധിച്ച ശേഷം അന്വേഷണം ആരംഭിക്കും.
എന്‍ഐഎ സംഘം കോഴിക്കോടെത്തി കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരില്‍ നിന്നും മറ്റും വിവരങ്ങള്‍ നേരത്തെ ശേഖരിച്ചിരുന്നു. എന്‍ഐഎ കേസ് ഏറ്റെടുത്ത സാഹചര്യത്തില്‍ അറസ്റ്റിലായ യുവാക്കളുടെ കുടുംബം ജാമ്യഹര്ജിയ്ക്കായി എന്‍ഐഎ കോടതിയില്‍ ഹര്‍ജി നല്‍കും.