തിരുവനന്തപുരം പോലീസിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐയുടെ മുഖപത്രമായ ജനയുഗം. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാർഥികളെ യുഎപിഎ ചുമത്തി അറസ്റ്റു ചെയ്ത സംഭവത്തിലാണ് പോലീസിനെ വിമർശിച്ച് ജനയുഗത്തിലെ മുഖപ്രസംഗം.
ഈ വിഷയത്തിൽ വസ്തുതാപരമായ അന്വേഷണം നടന്നിട്ടില്ല. അറസ്റ്റിലായവരുടെ മാവോയിസ്റ്റ് ബന്ധം തെളിയിക്കാനായിട്ടില്ല. ലഘുലേഖയുടെ പേരിൽ മാവോയിസ്റ്റ് ബന്ധം ആരോപിക്കുന്നത് ദുരൂഹമാണ്. പോലീസ് ഉദ്യോഗസ്ഥരുടെ ഗുഢനീക്കങ്ങളെ നിരീക്ഷിക്കേണ്ടിയിരിക്കുന്നു.
നഗരമാവോയിസ്റ്റ് എന്ന വിശേഷണമാണ് ഇവർക്ക് പൊലീസ് മുദ്രകുത്തിയിരിക്കുന്നത്. എന്തടിസ്ഥാനത്തിലാണ് ആശയപ്രചാരണം നടത്തിയെന്നതിന്റെ പേരിൽ യുഎപിഎ ചുമത്തിയതെന്ന ചോദ്യത്തിന് പൊലീസ് മറുപടി നൽകുന്നില്ല- മുഖപ്രസംഗത്തിൽ പറയുന്നു.
പന്തീരാങ്കാവ് അറസ്റ്റിന്റെ പിന്നാമ്പുറം അത്യന്തം സംശയകരമായി തുടരുന്ന അട്ടപ്പാടി മഞ്ചിക്കണ്ടി വനാന്തരത്തിലെ വ്യാജ ഏറ്റുമുട്ടലാണ് എന്ന കാര്യത്തിൽ സംശയമില്ല. വായനയും ചിന്തയും ജീവിതശീലമാക്കിയവർ കേരളത്തിലെ പൊലീസിനെ ഭയക്കുന്ന സ്ഥിതിവിശേഷം ഉണ്ടായിക്കൂടാ.
വായനാമുറിയിലെ പുസ്തകങ്ങളുടെ പേരിൽ തീവ്രവാദിയും ഭീകരവാദിയുമായി കരിനിയമം ചാർത്തുന്നത് ന്യായീകരിക്കാനാവില്ല. എന്റെ സത്യാന്വേഷണ പരീക്ഷണം വായിക്കുന്ന തീവ്ര മാവോയിസ്റ്റിനെ ഗാന്ധിയനായി കാണുന്നതിലും അർഥമില്ലെന്നും ജനയുഗം പറയുന്നു.