തിരുവനന്തപുരം: കോഴിക്കോട് പന്തീരങ്കാവിൽ വിദ്യാർഥികളെ യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത വിഷയത്തിൽ സിപിഎം പോളിറ്റ് ബ്യൂറോക്ക് അതൃപ്തിയെന്ന വാർത്തകൾ തള്ളി മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം വിമർശനങ്ങളൊന്നും പിബിയിൽ വന്നിട്ടില്ലെന്നും അങ്ങനെയൊന്നും സംഭവിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു.
പോലീസാണ് വിദ്യാർഥികൾക്കെതിരേ യുഎപിഎ ചുമത്തിയതെന്നും വിഷയം സർക്കാരിന്റെ പരിഗണനയ്ക്കു വരുന്പോൾ ഉചിതമായ തീരുമാനമെടുക്കുമെന്നും മുഖ്യമന്ത്രി പിബിയിൽ വിശദീകരിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രിയുടെ വിശദീകരണം തൃപ്തികരമല്ലെന്നാണ് മിക്ക അംഗങ്ങളും നിലപാട് അറിയിച്ചതെന്നാണ് വാർത്തകൾ പുറത്തുവന്നിരുന്നത്.