സ്വന്തം ലേഖകന്‍
കോഴിക്കോട്: പന്തീരാങ്കാവ് യുഎപിഎ വിഷയത്തില്‍ മുഖ്യമന്ത്രിക്കെതിരെ പരോക്ഷവിമര്‍ശനവുമായി സിപിഎം കോഴിക്കോട് ജില്ലാസെക്രട്ടറി പി.മോഹനന് .പോലീസ് നല്കിയ വിവരം അനുസരിച്ചാണ് മുഖ്യമന്ത്രി പ്രവര്‍ത്തിച്ചത്. സര്‍ക്കാരിന് അങ്ങനെയേ ചെയ്യാനാകൂ.
അലന് ഷുഹൈബും താഹ ഫസലും കുട്ടികളാണ്. എന്തെങ്കിലും തെറ്റു പറ്റിയാല്‍ത്തന്നെ തിരുത്തിയെടുക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. പാര്‍ട്ടി ഇവര്‍ക്കെതിരേ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നടപടിയെടുക്കാത്ത കാലത്തോളം അവര്‍ പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണെന്നും അദ്ദേഹം കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പന്തീരാങ്കാവ് മാവോയിസ്റ്റ് ആരോപണത്തിന്റെ പേരില്‍ യുഎപിഎ ചുമത്തപ്പെട്ട അലനും താഹയും കുഞ്ഞാടുകളല്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും കണ്ണൂരിലെ പി.ജയരാജന്റെയും നിലപാടിനെയാണ് ഇന്നലെ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ജില്ലാസെക്രട്ടറി തള്ളിയത്.
ഇവര്‍ക്കെതിരേ യുഎപിഎ കേസ് ചുമത്തിയത് അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പോലീസ് കസ്റ്റഡിയില്‍ ആയതിനാല്‍ വിദ്യാര്‍ഥികളുടെ ഭാഗം കേള്‍ക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. അത് കഴിഞ്ഞാല്‍ മാത്രമേ അലനും താഹയും ഏതെങ്കിലും തരത്തിലുള്ള ബന്ധത്തില്‍ പെട്ടുപോയിട്ടുണ്ടോ എന്ന് പറയാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. അവര്‍ നിരപരാധിത്വം തെളിയിച്ച് പുറത്തു വരണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്.
വിഷയത്തില്‍ ഇരുവരുടെയും കുടുംബം വൈകാരികമായി പ്രതികരിക്കുന്നത് സ്വാഭാവികമാണ്. പാര്‍ട്ടി അവരെ തിരിഞ്ഞു നോക്കുന്നില്ല എന്നപരാതി ഗൗരവമായി തന്നെ പരിശോധിക്കും.വിദ്യാര്‍ഥികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടായിരുന്നു എന്ന തരത്തില്‍ പി.ജയരാജന് നടത്തിയ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ അത് തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അദ്ദേഹത്തിനോട് തന്നെ ചോദിക്കണമെന്നും മോഹനന് പറഞ്ഞു.
യുഎപിഎ കേസ് ചുമത്തുമ്പോള്‍ അതില്‍ എന്‍ഐഎയ്ക്ക് ഇടപെടാനുള്ള പുതിയ നിയമ ഭേദഗതിയെ പാര്‍ലമെന്റില്‍ പിന്തുണച്ചവരാണ് കോണ്‍ഗ്രസുകാരെന്നും അതിന്റെ കളങ്കം തീര്‍ക്കാനാവാം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇപ്പോള്‍ ഇടപെടുന്നതെന്നും അദ്ദേഹം പറഞ്ഞു.അലനെയും താഹയേയും പിന്തുണച്ച് കൊണ്ട് സിപിഎം ജില്ലാ കമ്മിറ്റി രംഗത്തെത്തിയതോടെ മുഖ്യമന്ത്രി ഈ വിഷയത്തില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സ്വീകരിച്ച നിലപാട് വിവാദമായിരിക്കയാണ്.
വിഷയത്തില്‍ ഭാഗം ഭാഗമായുള്ള നിലപാട് പറയാനാവില്ലെന്നും അന്വേഷണം പൂര്‍ത്തിയാക്കിയാലേ ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂവെന്നും പി.മോഹനന് ചൂണ്ടിക്കാട്ടി. പാര്‍ട്ടിക്ക് നടപടി സ്വീകരിക്കണമെങ്കില്‍ പാര്‍ട്ടിയുടേതായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്.
അത് കഴിയുമ്പോള്‍ വ്യക്തമാക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.യുഎപിഎ ചുമത്തിയ സന്ദര്‍ഭത്തില്‍ തന്നെ മുഖ്യമന്ത്രിയുടെ നിലപാട് തള്ളി നേരത്തെയും മോഹനന് രംഗത്തെത്തിയിരുന്നു. അറസ്റ്റ് നടന്നയുടനെതന്നെയായിരുന്നു ഇത്.
എന്നാല്‍ പിന്നീട് അദ്ദേഹം നിലപാട് മയപ്പെടുത്തി. ഇപ്പോള്‍ പാര്‍ട്ടിക്കെതിരേ പ്രതികളുടെ കുടുംബം ശക്തമായി രംഗത്തുവന്നതോടെയാണ് ശക്തമായ നിലപാടുമായി മോഹനന് രംഗത്തെത്തിയത്. ഇതിന് പാര്‍ട്ടിക്കുള്ളിലെ തന്നെ ഒരുവിഭാഗത്തിന്റെ പിന്തുണയുണ്ടെന്നാണ് അറിയുന്നത്.
അതേസമയം സംഭവം വിവാദമായതോടെ വിശദീകരണവുമായി ജില്ലാ സെക്രട്ടറി രംഗത്തെത്തി. വൈകുന്നേരം പുറത്തിറക്കിയ വാര്‍ത്തകുറിപ്പിലാണ് തന്റെ വാക്കുകള്‍ വളച്ചൊടിച്ച് മാധ്യമങ്ങള്‍ വിവാദം സൃഷ്ടിക്കുന്നതായി മോഹനന് കുറ്റപ്പെടുത്തിയത്.
വിശദീകരണം ഇങ്ങനെ…
ഇടതുപക്ഷജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ 26-ന് നടക്കുന്ന മനുഷ്യമഹാശൃംഖലയുമായി ബന്ധപ്പെട്ട് പ്രസ്ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് അലന് -താഹ അറസ്റ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഒരു ചോദ്യത്തിന് നല്കിയ വിശദീകരണം ചില ചാനലുകള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു.
മുഖ്യമന്ത്രിക്ക് പോലീസ് ഭാഷ്യം, മുഖ്യമന്ത്രിയെ തള്ളി പി.മോഹനന് എന്നെല്ലാമുള്ള രീതിയില്‍ എന്റെ വിശദീകരണത്തെ ചില മാധ്യമങ്ങള്‍ തെറ്റായി അവതരിപ്പിച്ചു. സര്‍ക്കാരിന് നിയമപരമായ രീതിയിലാണ് പോകാന്‍ കഴിയുക ആ നിലയിലാണ് മുഖ്യമന്ത്രി അതിനെ സംബന്ധിച്ച് പറഞ്ഞത്.’
അതിനെയാണ് മുഖ്യമന്ത്രിക്കെതിരെ പി.മോഹനന് എന്നെല്ലാമുള്ള രീതിയില്‍ വാര്‍ത്ത നല്‍കിയത്.യുഎപിഎ പ്രശ്നത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരേ അഭിപ്രായമാണ്. യുഎപിഎ കേസുകള്‍ അതിന്റെ പരിശോധനാസമിതിയുടെ മുമ്പിലെത്തുമ്പോള്‍ ഒഴിവാക്കപ്പെടണമെന്നാണ് പാര്‍ട്ടിയും സര്‍ക്കാരും നേരത്തെതന്നെ വ്യക്തമാക്കിയത്. അലനും താഹയ്ക്കുമെതിരായി ചുമത്തിയ കേസില്‍ ഇതേ നിലപാടാണ് പാര്‍ടി സ്വീകരിച്ചത്.
എന്നാല്‍ കേരളത്തിലെ ബിജെപി നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് അലന്-താഹ കേസ് എന്‍ഐഎ ഏറ്റെടുത്തത്. കേരളത്തില്‍ യുഎപിഎ അനുസരിച്ച് 132 കേസുകള്‍ സിപിഎം നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായി എടുത്തത് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കുന്ന കാലത്താണ്.
ചെന്നിത്തലയുടെ ഇപ്പോഴത്തെ ഇടപെടല്‍ നാടകം തികഞ്ഞ രാഷ്ട്രീയ തട്ടിപ്പ് മാത്രമാെണന്നായിരുന്നു താന്‍ വാര്‍ത്താസമ്മേളനത്തില്‍ വിശദീകരിച്ചത്. അതെല്ലാം ഒഴിവാക്കി വാക്കുകളെ വളച്ചൊടിച്ച് വിവാദം സൃഷ്ടിക്കാനുള്ള ചില മാധ്യമങ്ങളുടെ താല്പര്യം എല്ലാവര്ക്കും മനസിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.