അബുദാബി : കോവിഡ് പശ്ചാത്തലത്തിൽ ഫീസ് അടയ്ക്കാത്തതിന്റെ പേരിൽ വിദ്യാർഥികളെ ശിക്ഷിക്കാനോ പുറത്താക്കാനോ പാടില്ലെന്ന് യുഎഇ വിദ്യാഭ്യാസ വകുപ്പ്. വിദ്യ നേടാനുള്ള കുട്ടികളെ അവകാശത്തെ ഹനിക്കുന്നതിനു തുല്യമാണിതെന്നും വ്യക്തമാക്കി.
ചില സ്കൂളുകൾക്കെതിരെ പരാതി ലഭിച്ച പശ്ചാത്തലത്തിലാണ് അധികൃതരുടെ മുന്നറിയിപ്പ്.
ഫീസടയ്ക്കാത്തതിന്റെ പേരിൽ പരീക്ഷ എഴുതാൻ അനുവദിക്കാതിരിക്കുകയോ ക്ലാസിൽ നിന്നു പുറത്താക്കുകയോ ചെയ്യുന്ന സ്കൂളുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഷാർജയിലെ സ്വകാര്യ വിദ്യാഭ്യാസ അതോറിറ്റി അറിയിച്ചു.
കോവിഡ് പശ്ചാത്തലത്തിൽ പല രക്ഷിതാക്കളുടെയും ജോലി നഷ്ടപ്പെടുകയോ ശന്പളം കുറയ്ക്കുകയോ ചെയ്തിട്ടുണ്ട്.
ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ പ്രയാസപ്പെടുന്ന ഈ സാഹചര്യത്തിൽ സാവകാശം നൽകുകയോ തവണകളായി അടയ്ക്കാൻ അനുവദിക്കുകയോ ചെയ്യണമെന്ന് അതോറിറ്റി ഡയറക്ടർ അലി അൽ ഹൊസാനി ആവശ്യപ്പെട്ടു.
കുട്ടികളെയും രക്ഷിതാക്കളെയും മാനസികമായി തളർത്തുന്ന ഒരു പ്രവണതയും അനുവദിക്കില്ലെന്നും അധികൃതർ പറഞ്ഞു.
ഇതുസംബന്ധിച്ച് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കു നിർദേശം നൽകുകയും ചെയ്തു. ഫീസടയ്ക്കാൻ വൈകിയതിനു പിഴ ഈടാക്കരുതെന്നും നിർദേശിക്കുന്നു. ഫീസ് വൈകുന്നതിന്റെ കാരണങ്ങൾ വ്യത്യസ്തമാകാം.
സ്കൂൾ അധികൃതർ രക്ഷിതാക്കളുമായി പ്രത്യേകം സംസാരിച്ച് കാരണമറിയുകയും ഫീസിന്റെ കാര്യം ഓർമപ്പെടുത്തുകയും ചെയ്യാം.
ഇരുകൂട്ടർക്കും പ്രയാസാമാകാത്ത വിധം ഒന്നിച്ചോ ഘട്ടം ഘട്ടമായോ ഫീസടയ്ക്കാൻ സൗകര്യം ഒരുക്കണം. നേരിട്ടായാലും ഓണ്ലൈനിലായാലും വിദ്യ നേടാനുള്ള അനുകൂല അവസരം ഒരുക്കുന്നതിനാണ് സ്കൂളുകൾ മുൻഗണന നൽകേണ്ടതെന്നും അധികൃതർ പറഞ്ഞു.
ഇതേസമയം ടിസിയോ റിപ്പോർട്ട് കാർഡോ ലഭിക്കണമെങ്കിൽ കുടിശിക തീർക്കണമെന്നു പറയുന്നത് സ്കൂളിന്റെ അവകാശമാണെന്നും വ്യക്തമാക്കുന്നു. പ്രാദേശിക, വിദേശ സിലബസ് പ്രകാരം യുഎഇയിൽ മൂന്നാം സെമസ്റ്റർ പഠനമാണ് ഇപ്പോൾ നടക്കുന്നത്.