തിരൂരങ്ങാടി: നിപ്പാ വൈറസ് ബാധ വ്യാപിക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ജനങ്ങളെ ആശങ്കപ്പെടുത്തുന്ന തരത്തില്‍ വ്യാജ പ്രചരണങ്ങള്‍ വര്‍ധിച്ചു വരികയാണ്. ഇതിനെതിരെ വെന്നിയൂരില്‍ നിപ വൈറസ് ബാധിച്ചു മരിച്ച ഷിജിതയുടെ ഭര്‍ത്താവ് ഉബീഷ് രംഗത്തെത്തി. നെഞ്ച് തകര്‍ന്നിരിക്കുമ്പോള്‍ ലഭിക്കേണ്ട പിന്തുണയ്ക്കു പകരം കിട്ടുന്നത് അവഗണനയും ഒറ്റപ്പെടുത്തലുമാണെന്ന് ഉബീഷ് പറയുന്നു. സമൂഹ മാധ്യമങ്ങളിലെ തെറ്റായ പ്രചരണമാണ് ഈ സാഹചര്യത്തിന് കാരണമെന്നും ഉബീഷ് തുറന്നടിച്ചു.
വൈറസ് ബാധ സ്ഥിരീകരിച്ച ഉബീഷ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ആരോഗ്യനില മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും ആശങ്ക ഉള്ളില്‍ തങ്ങി നില്‍ക്കുന്നുണ്ട്. അമ്മയും രണ്ട് ഇളയ സഹോദരങ്ങളുമാണ് ഉബീഷിന്റെ വീട്ടിലുള്ളത്. നിപ്പാ വൈറസ് ജീവന് കവര്‍ന്നെടുക്കും എന്ന ചിന്ത വേട്ടയാടുന്നതിനാല്‍ പ്രദേശവാസികള്‍ ആരും എത്താറില്ല, എന്തിന് ഏറെ പറയുന്നു സ്വന്തം ബന്ധുക്കള്‍ പോലും വരാറില്ല എന്ന് ഉബീഷ് നിറകണ്ണുകളോടെ പറയുന്നു.
ഉബീഷിനൊഴികെ വീട്ടിലെ മറ്റാര്‍ക്കും അസുഖങ്ങളൊന്നുമില്ല. അച്ഛനും ജ്യേഷ്ഠനുമാണ് ആശുപത്രിയില്‍ ഉബീഷിന്റെ പരിചരണത്തിനുള്ളത്. ആരോഗ്യ പ്രവര്‍ത്തകരും ജനപ്രതിനിധികളും വീട് സന്ദര്‍ശിച്ച് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. അതേസമയം, മൂന്നിയൂരില്‍ നിപ വൈറസ് ബാധയേറ്റ് മരിച്ച സിന്ധുവിന്റെ ഭര്‍ത്താവ് ആലിന്‍ചുവട് പാലക്കത്തൊടു മേച്ചേരി സുബ്രഹ്മണ്യന് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത് കുടുംബത്തിന് ആശ്വാസമായി. വെള്ളിയാഴ്ചയാണ് നിപയല്ലെന്ന ലാബ് ഫലം വന്നത്. പനി ബാധിച്ച് ചികിത്സ തേടിയ സുബ്രഹ്മണ്യനെ അന്നുതന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്ന് വീട്ടിലേക്ക് തിരിച്ചയച്ചിരുന്നു.
നിപ്പാ വൈറസ് ബാധിച്ച് മരിച്ച കൊളത്തൂര്‍ കാരാട്ടുപറമ്പിലെ താഴത്തില്‍തൊടി വേലായുധന്റെ വീട്ടില്‍ ആരോഗ്യപ്രവര്‍ത്തകര്‍ സന്ദര്‍ശിച്ചു. മരിച്ച വേലായുധനുമായി അടുത്തിടപഴകിയവര്‍ ഉള്‍പ്പെടെ ആര്‍ക്കും ഒരു രോഗലക്ഷണവുമില്ലെന്ന് ആരോഗ്യ സംഘം അറിയിച്ചു. ബന്ധുക്കളും നാട്ടുകാരും കുടുംബവുമായി സഹകരിക്കുന്നുണ്ട്. ഇത് വലിയ ആശ്വാസമാണെന്ന് മകന് വിജീഷ് പറഞ്ഞു. ഇതൊക്കെയാണെങ്കിലും സോഷ്യല്‍ മീഡിയയിലൂടെയുള്ള വ്യാജപ്രചരണങ്ങള്‍ കൊണ്ടു പിടിച്ചു നടക്കുന്നുണ്ട്.