അനിൽ തോമസ്
കൊച്ചി: ഓണ്‍ലൈൻ ഭക്ഷണ വിതരണ മേഖലയിൽ വിപ്ലവം സൃഷ്ടിച്ച ഊബർ ഈറ്റ്സ് ഉൾപ്പടെയുള്ള ഭക്ഷണ വിതരണ ബഹുരാഷ്ട്ര കന്പനികളെ ഒഴിവാക്കാനുള്ള തീരുമാനവുമായി ഹോട്ടൽ ഉടമകൾ. ഡിസംബർ ഒന്നു മുതൽ എറണാകുളം ജില്ലയിലെ എല്ലാ ഹോട്ടലുകളും ഓണ്‍ലൈൻ ഭക്ഷണ വിതരണ കന്പനികളുമായുള്ള കരാർ നിർത്തിവയ്ക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ നിർദേശിച്ചു. ഓണ്‍ലൈൻ ഭക്ഷണ വിതരണം വ്യാപകമായതോടെ ആളുകൾ ഹോട്ടലിലേക്കു വരുന്നതു കുറഞ്ഞെന്നും ഇതുമൂലം ഹോട്ടൽ ബിസിനസ് തകർന്നെന്നും ചൂണ്ടിക്കാട്ടിയാണു തീരുമാനം.
ഊബർ ഈറ്റ്സ് മാതൃകയിൽ അസോസിയേഷൻ സ്വന്തം നിലയിൽ ഓണ്‍ലൈൻ ഭക്ഷണ വിതരണ സംവിധാനം ആരംഭിക്കാനും അഞ്ചിന് എറണാകുളത്ത് ചേർന്ന യോഗം തീരുമാനിച്ചു. ഹോട്ടലുകൾക്കും ഉപഭോക്താക്കൾക്കും ആകർഷകമായ ഓഫറുകൾ നൽകി ബിസിനസ് മെച്ചപ്പെടുത്തിയ ശേഷം ഹോട്ടൽമേഖലയെ കൈയടക്കാൻ നീക്കം ആരംഭിച്ചതോടെയാണ് ഓണ്‍ലൈൻ ഭക്ഷണ വിതരണ കന്പനികളെ ഒഴിവാക്കാൻ തീരുമാനം എടുക്കേണ്ടിവന്നതെന്ന് സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജി പറഞ്ഞു.
ആദ്യം ഹോട്ടലുകൾ മുഖേനയായിരുന്നു ഉപഭോക്താക്കളെ കണ്ടെത്തിയിരുന്നത്. ഇപ്പോൾ ഉപഭോക്താക്കൾക്ക് ഹോട്ടലുകൾ അവർ തന്നെ നിർദേശിച്ചു കൊടുക്കുകയാണ്. ഇതുമൂലം ചെറിയ വിഭാഗം ഹോട്ടലുകൾക്കു വലിയ തോതിൽ ബിസിനസ് കിട്ടുകയും ബഹുഭൂരിപക്ഷം ഹോട്ടലുകളും നഷ്ടത്തിലേക്ക് കൂപ്പ്കുത്തുകയും ചെയ്തെന്ന് അദ്ദേഹം പറഞ്ഞു.
കന്പനികളെ ഒഴിവാക്കുന്പോൾ അതുവഴി കിട്ടിക്കൊണ്ടിരുന്ന ബിസിനസ് നിലനിർത്തുന്നതിനാണ് സ്വന്തമായി ഓണ്‍ലൈൻ ഭക്ഷണ വിതരണ സംവിധാനം ആരംഭിക്കുന്നത്. ഈ മേഖലയിൽ സജീവമമായി നിൽക്കുന്ന ചില കന്പനികൾ തങ്ങളെ സമീപിച്ചിട്ടുണ്ടെന്ന് ജില്ലാ പ്രസിഡന്റ് എ. അസീസ് പറഞ്ഞു.
പരിചിതമല്ലാത്ത മേഖലയിലേക്കു കാലെടുത്തുവയ്ക്കുന്പോൾ നടത്തുന്പോൾ ഉണ്ടായേക്കാവുന്ന പാളിച്ചകൾ മുന്നിൽകണ്ട് അതു പരിഹരിക്കാനുള്ള ശ്രമങ്ങൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്. കന്പനികളുടെ ഭാഗത്തുനിന്ന് ശ്രമങ്ങളുണ്ടായാൽ മാത്രമേ പ്രശ്നപരിഹാരത്തിനു സാധ്യതയുള്ളെന്നും അനുരഞ്ജന ചർച്ചകൾക്കു കന്പനി പ്രതിനിധികളാരും തങ്ങളെ സമീപിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഹോട്ടലുകളിൽനിന്ന് കന്പനികൾ വാങ്ങുന്ന കമ്മീഷൻ ഏകീകരിക്കുകയാണെങ്കിൽ വിട്ടുവീഴ്ച്ചയ്ക്കു തയാറാകാമെന്നാണ് അസോസിയേഷന്റെ നിലപാട്. ഒരു ഡെലിവറിക്ക് 15 ശതമാനം മുതൽ 35 ശതമാനം വരെയാണു കമ്മീഷനായി വാങ്ങുന്നത്. പല ഹോട്ടലുകൾക്കും പല നിരക്കും ഇടാക്കുന്നുണ്ട്. ഇതിൽ ഏകീകരണം കൊണ്ടുവന്നാൽ മാത്രമേ നഷ്ടമില്ലാതെ ഹോട്ടലുകൾക്കു ബിസിനസ് നടത്താനാകൂ. ഒരു ഡെലിവറിക്കു 10 ശതമാനം കമ്മീഷൻ എന്ന നിലയിൽ ധാരണയായാൽ കരാർ തുടരുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും ജില്ലാ പ്രസിഡന്റ് അസീസ് പറഞ്ഞു.
അസോസിയേഷനിൽ ഭിന്നത
ഹോട്ടലുകളിൽനിന്ന് ഓണ്‍ലൈൻ ഭക്ഷണവിതരണ കന്പനികളെ ഒഴിവാക്കാനുള്ള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ തീരുമാനത്തിൽ അഭിപ്രായഭിന്നത. കന്പനികളെ ഒഴിവാക്കുന്നത് ബിനിനസിനെ ബാധിക്കുമെന്നുകാട്ടി ഒരു വിഭാഗം ഹോട്ടൽ ഉടമകൾ യോഗത്തിൽ എതിർപ്പ് അറിയിച്ചു.
കന്പനികളെ ആശ്രയിച്ച് ഹോട്ടൽ തുടങ്ങിയവർക്കാണ് എതിർപ്പുള്ളത്. കടുത്ത തീരുമാനത്തിലേക്ക് പോകാതെ പ്രശ്നം പരിഹരിച്ച് മുന്നോട്ടുപോകുന്നതിനെക്കുറിച്ച് ആലോചിക്കണമെന്ന് ഇവർ പറയുന്നു. എന്നാൽ പ്രശ്നപരിഹാരത്തിന് അസോസിയേഷൻ മുന്നിട്ടിറങ്ങില്ലെന്നും കന്പനികൾ സ്വമേധേയ വന്നാൽ ചർച്ചയ്ക്കു തയാറാണെന്നും ജില്ലാ പ്രസിഡന്റ് എ.അസീസ് പറഞ്ഞു.
ഓണ്‍ലൈൻ ഭക്ഷണ വിതരണ വ്യാപാരം വ്യാപകമായതോടെ ഒട്ടേറെ പുതിയ ഹോട്ടലുകളാണു നഗരസഭാ പരിധിയിലും ഇടപ്പള്ളി, കാക്കനാട്, തൃപ്പൂണിത്തുറ, ഫോർട്ട്കൊച്ചി മേഖലകളിലും കഴിഞ്ഞ നാലു മാസത്തിനിടെ പൊന്തിവന്നത്. ഇവിടെ ഓണ്‍ലൈൻ വ്യാപരത്തിലൂടെയാണ് ഭക്ഷണ സാധനങ്ങൾ ഏറെയും വിറ്റുപോകുന്നത്.
ഹോട്ടലുകളെ വെല്ലുവിളിച്ച് കന്പനികൾ ‘കിച്ചണു’കൾ ആരംഭിക്കുന്നു
കൊച്ചി: ഓണ്‍ലൈൻ ഭക്ഷണ വിതരണ കന്പനികളെ ഒഴിവാക്കാനുള്ള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷന്റെ തീരുമാനത്തെ വെല്ലുവിളിച്ചു കന്പനികൾ സ്വന്തമായി ഭക്ഷണശാലകൾ ആരംഭിക്കുന്നു. ഓണ്‍ലൈൻ ഭക്ഷണ വിതരണം നടക്കുന്ന ജില്ലയിലെ എല്ലാ പ്രദേശങ്ങളിലും കിച്ചണുകൾ തുറക്കാനാണു തീരുമാനം. ‘സ്വിഗി’ നിലവിൽ എറണാകുളത്ത് കിച്ചണ്‍ ആരംഭിച്ചിട്ടുണ്ട്. ഊബറും സോമാറ്റോയും കിച്ചണുകൾ ആരംഭിക്കാനുള്ള നീക്കത്തിലാണ്.
കൊച്ചി മുനിസിപ്പാലിറ്റി, ഇടപ്പള്ളി, കളമശേരി, ചേരാനെല്ലൂർ, തൃക്കാക്കര, കാക്കനാട്, തൃപ്പൂണിത്തുറ, മരട്, ഫോർട്ടുകൊച്ചി പ്രദേശങ്ങളിലാണ് നിലവിൽ ഓണ്‍ലൈൻ ഭക്ഷണ വിതരണമുള്ളത്. ഇതിൽ തിരഞ്ഞെടുക്കപ്പെട്ട മേഖലകളിൽ ഓരോ കിച്ചണുകൾ വീതം ആരംഭിക്കുന്നതിനാണ് ഊബറിന്റെ നീക്കം. ഭക്ഷണം പാകംചെയ്ത് ഡെലിവറി ബോയ് വഴി ഉപഭോക്താവിന് എത്തിച്ചുകൊടുക്കുക. അതാണ് ലക്ഷ്യം. സൊമാറ്റോയും ഇത്തരത്തിൽ ആലോചിക്കുന്നുണ്ട്. വലിയ ഓഫറുകൾ നൽകി ഉപഭോക്താക്കളെ ആകർഷിച്ചു ബിസിനസ് നിലനിർത്തുകയെന്ന ലക്ഷ്യമാണു കന്പനികൾക്ക്.
മൂന്നു കന്പനികൾക്കുമായി 5000ത്തിലേറെ ഡെലിവറി ബോയ്മാർ മേഖലയിൽ ജോലിനോക്കുന്നുണ്ട്. ഭക്ഷണ വിതരണത്തിന് ഇവരെ ഉപയോഗപ്പെടുത്തും. വൈവിധ്യമാർന്ന രുചികളിലുള്ള ഭക്ഷണങ്ങൾ നൽകുന്നതിനാൽ ഹോട്ടലുകളെ ഇത്തരം കിച്ചണുകൾ ബാധിക്കില്ലെന്ന് ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് മൊയ്തീൻകുട്ടി ഹാജി പറഞ്ഞു.