ന്യൂഡൽഹി: യൂബർ ഡ്രൈവർ 113 രൂപ അധികമായി ഈടാക്കിയതിനെക്കുറിച്ച് പരാതി പറയാൻ കസ്റ്റമർ കെയറിൽ വിളിച്ചയാൾക്ക് അഞ്ചുലക്ഷത്തിലധികം രൂപ നഷ്ടമായി. ഡൽഹിയിലെ സഫ്ദർജംഗ് എൻക്ലേവിലെ താമസക്കാരനായ പ്രദീപ് ചൗധരിക്കാണ് ഈ വൻചതിവ് പറ്റിയത്.
സംഭവം ഇങ്ങനെ: പ്രദീപ് ചൗധരി ഗുഡ്ഗാവിലേക്ക് ഒരു യൂബർ ക്യാബ് ബുക്ക് ചെയ്തു. യാത്രയുടെ ചെലവായി യൂബർ ആപ്പിൽ കാണിച്ച നിരക്ക് 205 രൂപയായിരുന്നു. എന്നാൽ യാത്രയ്ക്കുശേഷം യൂബർ ഡ്രൈവർ അദ്ദേഹത്തിൽനിന്നു 318 രൂപ ഈടാക്കി. ഇതേത്തുടർന്ന് അധികമായി ഈടാക്കിയ പണം തിരികെ ലഭിക്കുന്നതിനായി ചൗധരി കസ്റ്റമർ കെയറിൽ പരാതി പറയാൻ വിളിച്ചു. ഗൂഗിളിൽനിന്നു ലഭിച്ച നമ്പറിലേക്കാണു വിളിച്ചത്.
കോൾ എടുത്തയാൾ രാകേഷ് മിശ്ര എന്നു സ്വയം പരിചയപ്പെടുത്തി. പരാതി കേട്ടശേഷം ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് “റസ്റ്റ് ഡെസ്ക് ആപ്പ്’ ഡൗൺലോഡ് ചെയ്യാൻ ചൗധരിയോട് ആവശ്യപ്പെട്ടു. തുടർന്ന് റീഫണ്ടിനായി പെറ്റിഎം ആപ്പ് തുറന്ന് ‘ആർഎഫ്എൻഡി 112’ എന്ന സന്ദേശം അയയ്ക്കാനും ആവശ്യപ്പെട്ടു. അക്കൗണ്ട് വെരിഫിക്കേഷനാണെന്നു പറഞ്ഞ് മൊബൈൽ നമ്പർ വാങ്ങിയശേഷം ചില നിർദ്ദേശങ്ങൾ കൂടി നൽകി. അയാൾ പറഞ്ഞതുപോലെയൊക്കെ ചൗധരി ചെയ്തു.
ഇതിനു പിന്നാലെ ചൗധരിയുടെ ബാങ്ക് അക്കൗണ്ടിൽനിന്നു നാലു തവണയായി അഞ്ചു ലക്ഷത്തിലധികം രൂപ നഷ്ടപ്പെടുകയായിരുന്നു. ഇതിൽ മൂന്ന് ഇടപാടുകൾ പേടിഎം വഴിയും ഒന്ന് പിബി ബാങ്ക് വഴിയുമാണു നടന്നത്. സംഭവത്തിൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 420, ഇൻഫർമേഷൻ ടെക്നോളജി ആക്ട് സെക്ഷൻ 66 ഡി എന്നിവ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണ ആരംഭിച്ചിട്ടുണ്ട്.