അധിക ചാർജ് സർവീസിന് ഈടാക്കിയ ഊബറിന് പിഴ ചുമത്തി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. 1334 രൂപ 8.8 കിലോമീറ്റർ സഞ്ചരിച്ചതിന് ഈടാക്കിയ ഊബർ ഇന്ത്യക്ക് 20000 രൂപയാണ് പിഴ. ചണഡീഗഡ് സ്വദേശി അശ്വനി പ്രഷാറിന്റെ പരാതിയിലാണ് വിധി.
ആപ്പിൽ 8.8 കിലോമീറ്റർ സഞ്ചരിക്കാൻ 359 രൂപയാണ് യാത്രയ്ക്ക് മുൻപ് കാണിച്ചിരുന്നത്. എന്നാൽ യാത്ര അവസാനിച്ചപ്പോൾ ഇത് 1334 രൂപയായി മാറി. 16.18 മിനിറ്റെടുത്താണ് ഊബർ 8.8 കിലോമീറ്റർ സഞ്ചരിച്ചത്.
സംഭവത്തെ തുടർന്ന നിരവധി തവണ അശ്വനി ഊബറിന് പരാതി അയച്ചിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. ഇതിനെ തുടർന്നാണ് യുവതി ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ സമീപിച്ചത്.
റോഡിലെ തിരക്കും ബ്ലോക്കും കാരണം ഇടയ്ക്ക് റൂട്ട് മാറ്റേണ്ടി വന്നെന്നാണ് ഊബർ ഉന്നയിക്കുന്ന വാദം. എന്നാൽ യാത്രക്കാരിയുടെ ആവശ്യപ്രകാരമാണോ അതോ ഡ്രൈവറുടെ തീരുമാനം അനുസരിച്ചാണോ റൂട്ട് മാറ്റിയതെന്ന് അറിയില്ലെന്നും ഊബർ വ്യക്തമാക്കി.
സഞ്ചരിച്ച റൂട്ടും ദൂരവും പരിശോധിച്ച ശേഷം യഥാർഥ നിരക്ക് 358.57 രൂപയാണഎന്ന് കണ്ടെത്തുകയും 20000 രൂപ ഊബറിന് പിഴ ചുമത്തുകയും ചെയ്തു. പിഴ തുകയിൽ നിന്ന് 10000 രൂപ യാത്രക്കാരിക്കും 10000 രൂപ നിയമസഹായ അക്കൗണ്ടിൽ നിക്ഷേപിക്കാനുമാണ് നിർദേശം.
സംഭവം നടന്നതിന് പിന്നാലെ ഊബർ ആപ്പിലൂടെയും ജീമെയിലിലൂടെയും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ലെന്നാണ് പരാതിക്കാരി പറയുന്നത്.
എന്നാൽ ഊബർ ഇന്ത്യ യുവതിക്ക് പരാതിയുടെ അടിസ്ഥാനത്തിൽ 975 രൂപ തിരികെ നൽകിയെന്ന അവകാശവാദം ഉന്നയിക്കുന്നുമുണ്ട്. ഉപഭോക്തൃ സേവനത്തിൽ വന്ന വീഴ്ചയുടെ ഉത്തരവാദിത്തം ഡ്രൈവർക്ക് മേൽ അടിച്ചേൽപ്പിക്കാനാണ് ഊബറിന്റെ ശ്രമം.