രാത്രിയിലും മറ്റും ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന സ്ത്രീകള്‍ക്ക് ധൈര്യമായി സമീപിക്കാവുന്ന ഒന്നാണ് ഓണ്‍ലൈന്‍ ടാക്സി സര്‍വ്വീസായ യൂബര്‍ എന്നാണ് പൊതുവേ കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ നേരെ തതകിടം മറിഞ്ഞിരിക്കുകയാണ്. രാജ്യത്ത് വിവിധയിടങ്ങളില്‍ യൂബര്‍ സര്‍വ്വീസ് ഉപയോഗിച്ച സ്ത്രീകള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ ഇതിന് ഉദാഹരണമാവുന്നു. ഡല്‍ഹി സ്വദേശിയായ പ്രിയ പ്രധാന് എന്ന യുവതി കഴിഞ്ഞ ദിവസം സമാനമായ രീതിയില്‍ തനിക്കുണ്ടായ ദുരനുഭവം വ്യക്തമാക്കുകയുണ്ടായി. ചിത്രം സഹിതമാണ് യുവതി ഈ ആ സംഭവത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.
ഈ മാസം മൂന്നാം തീയതിയാണ് ഗുഡാഗാവ് സെക്റ്റര്‍ 82 ല്‍ നിന്ന് സെക്റ്റര്‍ 50 ലേയ്ക്കുള്ള ഏകദേശം 20 കിലോമീറ്റര്‍ വരുന്ന ദൂരം സഞ്ചരിക്കാനായി പ്രിയ യൂബര്‍ ബുക്ക് ചെയ്തത്. രാവിലെ 10.30 എത്താനായി ബുക്ക് ചെയ്ത യൂബര്‍ അരമണിക്കൂര്‍ വൈകി 11 മണിക്കാണ് പിക്ക് ചെയ്യാന്‍ എത്തിയത്. വൈകി എത്തിയ ഡ്രൈവര്‍ തെറ്റായ വഴിയാണ് പോകുന്നതെന്ന് മനസിലാക്കിയ പ്രിയ വഴി തെറ്റിയെന്ന് പറഞ്ഞപ്പോള്‍ ഹൈവേ ടോളിന് നല്‍കാനുള്ള പണം കയ്യിലില്ല (യുബറിന്റെ നിയമപ്രകാരം ടോളിലെ പണം ഡ്രൈവര്‍ നല്‍കണം) അതുകൊണ്ടാണ് ഇതുവഴി പോകുന്നത് എന്നാണ് ഡ്രൈവര്‍ പറഞ്ഞത്. എന്നാല്‍ ആ പണം പ്രിയ നല്‍കാം എന്ന് സമ്മതിക്കുകയും ശരിയായ വഴിയിലൂടെ പോകാന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തു.
പിന്നീട് ഹൈവേയിലുടെയുള്ള അല്പ യാത്രയ്ക്ക് ശേഷം ഡ്രൈവര്‍ വീണ്ടും ഇടറോഡില്‍ കയറി. അതു ചോദ്യം ചെയ്ത പ്രിയയോട് ഇതുവഴി പോയാലും എത്തും എന്നായിരുന്നു ഡ്രൈവറുടെ മറുപടി. ഡ്രൈവറുടെ ലൈസന്‍സ് ആവശ്യപ്പെട്ടെങ്കിലും വീട്ടില്‍ വെച്ചു മറന്നുവെന്നും ഡ്രൈവര്‍ പറഞ്ഞതായി യുവതി പറയുന്നു. ഇതേ സമയം തന്റെ മാതാപിതാക്കളുമായി ബന്ധപ്പെട്ട പ്രിയയോട് ഡ്രൈവര്‍ ടാക്സിയില്‍ നിന്ന് ഇറങ്ങി മറ്റൊരു ടാക്സിയില്‍ പോകാന്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് ഡ്രൈവറോട് വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടങ്കിലും നിര്‍ത്തിയില്ലെന്നും ബഹളം വെച്ചതിന് ശേഷമാണ് നിര്‍ത്തിയതെന്നും പ്രിയ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
ടാക്സി ബുക്ക് ചെയ്തപ്പോള്‍ യുബര്‍ ആപ്പില്‍ കിരണ്‍ എന്നാണ് ഡ്രൈവറുടെ പേര് കാണിച്ചിരുന്നത്. എന്നാല്‍ പോലീസെത്തി ഡ്രൈവിംഗ് ലൈസന്‍സ് പരിശോധിച്ചപ്പോഴാണ് ലളിത് എന്നാണ് ഡ്രൈവറുടെ പേര് എന്ന് മനസിലായത്. പ്രിയയുടെ പരാതിയെത്തുടര്‍ന്ന് പോലീസ് യൂബര്‍ ഡ്രൈവര്‍ക്കെതിരെ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. യൂബറിന്റെ സ്ഥിരം ഉപഭോക്താവായിരുന്ന പ്രിയ ഇനി യൂബര്‍ ഉപയോഗിക്കില്ലെന്നാണ് പറയുന്നത്. കൂടാതെ യൂബര്‍ പോലുള്ള ഓണ്‍ലൈന്‍ ടാക്സികളിലെ സ്ത്രീകളുടെ യാത്ര സുരക്ഷിതമാണോ എന്നും പ്രിയ ചോദിക്കുന്നു.