കൊച്ചി: യൂബര്‍ ടാക്സി ഡ്രൈവറെ മര്‍ദ്ദിച്ചവശരാക്കിയ സ്ത്രീകളെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ച നടപടിയ്ക്കെതിരേ പ്രതിഷേധം ശ്ക്തമാവുന്നു. മര്‍ദനത്തില്‍ പരുക്കേറ്റ യൂബര്‍ ഡ്രൈവറെ അനുകൂലിച്ച് ടാക്സി ഡ്രൈവര്‍മാരും നാട്ടുകാരും ഇന്ന് “’അവനൊപ്പം’” എന്ന പേരില്‍ പ്രതിഷേധ സംഗമം നടത്തുകയാണ്. ഇതേ തുടര്‍ന്ന് രാത്രി പന്ത്രണ്ട് മണിക്ക് ആരംഭിച്ച പണിമുടക്ക് സമരം വൈകിട്ട് ആറു മണി വരെ നടക്കും. യൂബറിന്റെ കൊച്ചിയിലെ ഓഫീസ് ടാക്സി ഡ്രൈവര്‍മാര്‍ ഉപരോധിക്കുന്നുണ്ട്. ഇതിന് ശേഷം ഉച്ചയ്ക്ക് 2 മണിക്ക് എറണാകുളം എളംകുളം ജംങ്ഷനില്‍ നിന്ന് പ്രകടനമായി ടാക്സി ഡ്രൈവര്‍മാര്‍ വൈറ്റില ജംഗ്ഷനിലെത്തും. ഇവിടെ വൈകിട്ട് പ്രതിഷേധ സംഗമവും നടക്കും.
ഷെയര്‍ ടാക്സി (യൂബര്‍ പൂള്) സംവിധാനത്തില്‍, പുരുഷ യാത്രക്കാരനുമായി വന്ന ഷെഫീക്കിനെ ഇതേ കാറില്‍ തൃപ്പൂണിത്തുറയിലേക്ക് പോകാന്‍ ബുക്ക് ചെയ്ത് വൈറ്റിലയില്‍ കാത്തുനിന്ന മൂന്നംഗ യുവതികളാണ് ക്രൂരമായി മര്‍ദ്ദിച്ചത്. കാറില്‍ പുരുഷ യാത്രക്കാരനെ കയറ്റി വന്നതിന്റെ പേരിലായിരുന്നു മര്‍ദ്ദനം. യുവതികള്‍ ഷെഫീക്കിന്റെ ഉടുമുണ്ടും അടിവസ്ത്രവും അടക്കം വലിച്ചുകീറിയിരുന്നു. കല്ലുകൊണ്ട് തലയ്ക്കിടിക്കുകയും ചെയ്തു.
മൂന്ന് ദിവസം എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഷെഫീക്കിനെ ഇന്നലെയാണ് സര്‍ജറി വാര്‍ഡില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തത്. യുവതികളെ സംഭവ ദിവസം വൈകിട്ടു തന്നെ സ്റ്റേഷനില്‍ നിന്നു ജാമ്യം നല്കി വിട്ടയക്കുകയും ചെയ്തു. ഇതിനെതിരെ നാട്ടുകാരും ടാക്സി ഡ്രൈവര്‍മാരും ഒന്നടങ്കം പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. സോഷ്യല്‍ മീഡിയയിലും യുവതികള്‍ക്കെതിരായ കാമ്പയിന് ശക്തമായി തുടരുകയാണ്.