പുതുക്കാട്: അളഗപ്പനഗറിൽ ഡ്രൈവറെ ആക്രമിച്ച് കാർ തട്ടിയെടുത്ത സംഭവത്തിൽ പോലീസ് പിൻതുടർന്ന് കാർ പിടിച്ചെടുത്തു. തട്ടിയെടുത്ത പ്രതികൾ പോലീസിനെ കണ്ട് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പരിക്കേറ്റ ടാക്സി ഡ്രൈവർ മണ്ണംപേട്ട കരുവാപ്പടി പാണ്ടാരി വീട്ടിൽ രാജേഷിനെ പുതുക്കാട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്നലെ അർധരാത്രിയിലാണ് സംഭവം. തൃശൂരിൽ നിന്ന് യൂബർ ടാക്സി കാറാണ് തട്ടിയെടുക്കാൻ ശ്രമിച്ചത്. സംഭവത്തെ കുറിച്ച് ഡ്രൈവറും പോലീസും പറയുന്നതിങ്ങനെ:
തൃശൂർ കെഎസ്ആർടിസി സ്്റ്റാന്റിന് സമീപത്തുനിന്നാണ് രണ്ട് പേർ പുതുക്കാട്ടേക്ക് യൂബർ ടാക്സി വിളിച്ചത്. പുതുക്കാട് എത്തിയ ഇവർ കാണേണ്ടയാളെ വിളിച്ചിട്ട് കിട്ടുന്നില്ലായെന്ന് പറഞ്ഞ് കാർ ചുങ്കം വഴി ആന്പല്ലൂരിലേക്ക് പോകാൻ ആവശ്യപ്പെട്ടു. അളഗപ്പനഗറിൽ എത്തിയപ്പോൾ കാർ നിർത്താൻ ആവശ്യപ്പെട്ട യാത്രക്കാർ പൈസ എടുക്കാൻ പുറത്തിറങ്ങിയ ഉടനെയാണ് ഡ്രൈവറെ ആക്രമിച്ചത്.
ഒരാൾ സ്പ്രേ അടിച്ച് മയക്കാൻ ശ്രമിച്ചെങ്കിലും രാജേഷ് തട്ടിമാറ്റുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റൊരാൾ തലക്കടിച്ച ശേഷം കത്തികാണിച്ച് രാജേഷിനോട് ഇറങ്ങിയോടാൻ പറയുകയായിരുന്നു. രാജേഷ് പുറത്തിറങ്ങിയ ഉടൻ ആക്രമികൾ കാറുമായി രക്ഷപ്പെട്ടു.
രാജേഷ് അപ്പോൾ തന്നെ സുഹൃത്തിനെയും പുതുക്കാട് പോലീസിനേയും വിളിച്ചറിയിക്കുകയായിരുന്നു. പുതുക്കാട് പോലീസ് എത്തിയാണ് രാജേഷിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കണ്ട്രോൾ റൂമിൽ വിവരമറിയിച്ചതിനെ തുടർന്ന് കൊരട്ടിയിലുണ്ടായിരുന്ന ഹൈവേ പോലീസ് അക്രമികൾ സഞ്ചരിച്ചിരുന്ന കാർ പിൻതുടർന്ന് കാലടിയിൽവച്ച് പിടികൂടുകയായിരുന്നു.
കാർ നിർത്തിയുടനെ പ്രതികൾ ഓടി രക്ഷപ്പെട്ടു. പോലീസ് പിടിച്ചെടുത്ത കാർ പരിശോധനകൾക്കായി കാലടി പോലീസ് സ്റ്റേഷനിലേക്ക് മാറ്റി. സംഭവത്തിൽ അക്രമികൾക്കായി പുതുക്കാട് പോലീസിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം തുടങ്ങി.