ന്യൂഡൽഹി: ഓണ്‍ലൈൻ ഭക്ഷണ വിതരണ സ്റ്റാർട്ടപ്പായ സൊമാറ്റോ ഊബർ ടെക്നോളജിയുടെ ഊബർ ഈറ്റ്സ് ഇന്ത്യയെ സ്വന്തമാക്കി. ഊബർ ടെക്നോളജിയുടെ ഇന്ത്യയിലെ ഭക്ഷണ വിതരണ ശൃംഖല പൂർണ്ണമായും വാങ്ങിയതായി സൊമാറ്റോ അറിയിച്ചു. സൊമാറ്റോയിൽ ഊബറിന് 10 ശതമാനം ഓഹരി നൽകാനും തീരുമാനിച്ചിട്ടുണ്ട്.
2,836 കോടി രൂപയുടെ ഇടപാടാണ് സൊമാറ്റോ ഊബർ ഈറ്റ്സിനെ സ്വന്തമാക്കിയതിലൂടെ നടന്നതെന്നാണ് റിപ്പോർട്ടുകൾ. ഊബർ ടെക്നോളജിയുടെ ഭക്ഷണ വിതരണ സംരംഭം 2017-ലാണ് ഇന്ത്യയിൽ ആരംഭിച്ചത്. എന്നാൽ സൊമാറ്റോയും സ്വിഗ്ഗി പോലുള്ള പ്രാദേശിക കന്പനികളും ഇന്ത്യൻ വിപണിയിൽ സ്ഥാപിച്ച ആധിപത്യം മറികടക്കാൻ ഊബർ ഈറ്റ്സിന് ആയിരുന്നില്ല.
ഇന്ത്യയിലെ ഊബർ ഈറ്റ്സിന്റെ എല്ലാ പ്രവർത്തനങ്ങളും ഇനി സൊമാറ്റോയുടെ പ്ലാറ്റ്ഫോം വഴിയായിരിക്കും. ഊബർ ഈറ്റ്സിന്റെ ആപ്പും ഇതിനോടകം സൊമാറ്റോയിലേക്ക് മാറി.ഇന്ത്യയിലെ ഭക്ഷ്യ വിതരണ ബിസിനസ് വിൽക്കാൻ ഊബർ പദ്ധതിയിടുന്നതായി കുറച്ചുകാലമായി വാർത്തകൾ പ്രചരിക്കുന്നുണ്ട്.
കഴിഞ്ഞ ജൂലൈയിൽ, ആമസോണ്‍ ഇന്ത്യയുമായി ഇതു സംബന്ധിച്ചു ചർച്ച നടത്തുന്നതായി സൂചനയുണ്ടായിരുന്നു. എന്നാൽ, ആമസോണ്‍ ഇന്ത്യയിൽ സ്വന്തമായി ഭക്ഷ്യ വിതരണ വിഭാഗം ആരംഭിക്കാൻ പദ്ധതിയിട്ടിരിക്കുകയാണെന്ന വാർത്ത വന്നതോടെയാണ് സൊമാറ്റോ കച്ചവടത്തിൽ മുന്നിലെത്തിയത്.
ഊബർ ഈറ്റ്സിനു ദക്ഷിണേഷ്യയിൽ വൻ നഷ്ടമാണുള്ളത്. നഷ്ടം നികത്തുന്നതിന്റെ ഭാഗമായി കഴിഞ്ഞ വർഷം 6 ബില്യണ്‍ ഡോളറിന് തെക്കുകിഴക്കൻ ഏഷ്യ ആസ്ഥാനമായുള്ള ബിസിനസ് ഗ്രാബിന് വിറ്റു. ഇടപാടിന്റെ ഭാഗമായി ഊബറിന് ഗ്രാബിൽ 27.5 ശതമാനം ഓഹരി ലഭിച്ചിരുന്നു. ഊബർ സോമാറ്റോ എന്നിവർ ഒന്നിച്ചാൽ ഇന്ത്യയിലെ ഏറ്റവും വലിയ ഓണ്‍ലൈൻ ഭക്ഷണ വിതരണ കന്പനിയായി ഇത് മാറും. ഇന്ത്യയിൽ ഊബർ ഈറ്റ്സ് സേവനങ്ങൾ ലഭ്യമല്ലെങ്കിലും ഇന്ത്യക്ക് പുറത്ത് സേവനം ലഭിക്കുമെന്നും ഉപഭോക്താക്കൾക്കുള്ള സന്ദേശത്തിൽ ഊബർ ഈറ്റ്സ് വിശദമാക്കി.