യാത്ര ക്യാൻസൽ ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടും അനുസരിക്കാതിരുന്ന യാത്രക്കാരന്റെ മൂക്ക് ഇടിച്ച് തകർത്ത് ഊബർ ഡ്രൈവർ. ബംഗളൂരുവിലാണ് സംഭവം. കെംപഗൗഡ വിമാനത്താവളത്തിലേക്ക് പോകുവാനായിരുന്നു സോഫ്റ്റ് വെയർ എഞ്ചിനീയറായ യുവാവ് ഊബർ ബുക്ക് ചെയ്തത്.
എന്നാൽ ബുക്ക് ചെയ്ത സമയത്ത് കാണിച്ചതിലും കൂടുതൽ തുക ഊബർ ഡ്രൈവർ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ബുക്ക് ചെയ്ത സമയത്ത് കാണിച്ചതിലും കൂടുതൽ തുക നൽകുവാൻ പറ്റില്ലെന്ന് യാത്രക്കാരൻ പറഞ്ഞു. അപ്പോൾ യാത്ര ക്യാൻസൽ ചെയ്യണമെന്ന് ഡ്രൈവർ ആവശ്യപ്പെട്ടുവെങ്കിലും യാത്രക്കാരൻ അനുസരിച്ചില്ല.
ഇതോടെ ഡ്രൈവർ ബാഗുകളെല്ലും പുറത്തേക്ക് വലിച്ചെറിയുകയും യാത്രക്കാരന്റെ മുഖത്ത് ഇടിക്കുകയുമായിരുന്നു. സംഭവത്തിൽ യാത്രക്കാരന്റെ മൂക്കിന്റെ പാലം തകർന്നു. ഇയാളെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
യാത്രക്കാരൻ നൽകിയ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഈ പ്രവർത്തി ചെയ്ത ഡ്രൈവറെ പുറത്താക്കിയെന്ന് ഊബർ അറിയിച്ചു.