നിങ്ങള്‍ യുസി ബ്രൗസര്‍ ഉപയോഗിക്കുന്നവരാണോ ? യുസി ബ്രൗസര്‍ ചൈനയിലേക്ക് ഡേറ്റ കടത്തുന്നുവെന്ന് വിവരം

രാജ്യത്തെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോക്താക്കളില്‍ ഭൂരിഭാഗം ആളുകളും ഉപയോഗിക്കുന്ന വെബ് ബ്രൗസറാണ് യുസി ബ്രൗസര്‍. ചൈനീസ് ഇ-കൊമേഴ്‌സ് ഭീമന്മാരായ ആലിബാബയാണ് യുസിയുടെ ഉടമസ്ഥര്‍. മറ്റു ബ്രൗസറുകളില്‍ നിന്ന് വ്യത്യസ്തമായി നിരവധി ഫീച്ചറുകള്‍ നല്‍കുന്ന യുസി അത്ര സുരക്ഷിതമല്ലെന്ന പുതിയ റിപ്പോര്‍ട്ട് രാജ്യത്തെ കോടിക്കണക്കിന് സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കളെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്.

മൊബൈല്‍ ഉപയോക്താക്കളുടെ ഡേറ്റ യുസി ബ്രൗസര്‍ ചോര്‍ത്തുന്നു എന്നാണ് റിപ്പോര്‍ട്ട്. ബ്രൗസറിന്റെ നീക്കങ്ങളെ കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഹൈദരാബാദിലെ സര്‍ക്കാര്‍ ലാബിലാണ് നിരീക്ഷണവും അന്വേഷണവും നടക്കുന്നത്. അലിബാബയുടെ ഉടമസ്ഥതയിലുള്ള യുസി ബ്രൗസര്‍ എങ്ങനെയാണ് വിദൂര സെര്‍വറിലേക്ക് ഉപയോക്തൃ വിശദാംശങ്ങളും സ്ഥല വിവരങ്ങളും അയയ്ക്കുന്നതെന്നാണ് അന്വേഷിക്കുന്നത്. വിവര വിനിമയ സാങ്കേതിക മന്ത്രാലയത്തിന്റെ കീഴിലുള്ള ഐടി വിഭാഗങ്ങളും യുസി ബ്രൗസറിനെ കുറിച്ച് അന്വേഷിക്കുന്നുണ്ട്. ബ്രൗസറിന്റെ കുറ്റകൃത്യം തെളിയിക്കപ്പെട്ടാല്‍ രാജ്യത്ത് നിരോധിക്കപ്പെടുമെന്നാണ് അറിയുന്നത്.

രാജ്യത്തെ മൊബൈല്‍ ബ്രൗസറിന്റെ 50 ശതമാനവും കൈവശം വെച്ചിരിക്കുന്നത് യുസി ബ്രൗസറാണ്. 33 ശതമാനം ക്രോം, 10 ശതമാനം ഒപേരയുമാണ്. ആദ്യ കാലത്ത് 75 ശതമാനം പേരും യുസി ബ്രൗസറാണ് ഉപയോഗിച്ചിരുന്നത്. പിന്നീട് ഗൂഗിളിന്റെ ക്രോമിലേക്ക് മാറുകയായിരുന്നു. ലഭ്യമായ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച്, Wi-Fi നെറ്റ്വര്‍ക്കിലേക്ക് കണക്റ്റുചെയ്ത ചൈനയിലെ സെര്‍വറിലേക്ക് ഫോണുകളുടെ IMEI നമ്പറും ലൊക്കേഷന്‍ ഡേറ്റയും ഉള്‍പ്പെടുന്ന വിവരങ്ങള്‍ UC ബ്രൗസര്‍ അയയ്ക്കുന്നുണ്ടെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായിരിക്കുന്ന അവസ്ഥയില്‍ ചൈനീസ് സര്‍ക്കാരിന്റെ ഗൂഢനീക്കമാണോ ഇതെന്നും അന്വേഷിക്കുന്നുണ്ട്.

 

Related posts