പത്തനംതിട്ട: സ്കൂളുകളിൽ ഉച്ചഭക്ഷണത്തിനുള്ള അരി സ്റ്റോക്കില്ല. അരി എത്തിയില്ലെങ്കിലും ഉച്ചഭക്ഷണ പദ്ധതി മുടക്കരുതെന്നും സമീപത്തെ സ്കൂളുകളിൽ നിന്നും അരി വാങ്ങി ഉച്ചഭക്ഷണം നൽകണമെന്നും വിദ്യാഭ്യാസ വകുപ്പ് നിർദേശം. സമീപ സ്കൂളുകളിൽ അടക്കം അരി തീർന്നതോടെ സ്റ്റോക്കുള്ള വിദ്യാലയങ്ങൾ തേടി അലയുകയാണ് പ്രഥമാധ്യാപകർ.
എഫ്സിഐ ഗോഡൗണിൽ നിന്ന് സിവിൽ സപ്ലൈസ് കോർപറേഷൻ മാവേലി സ്റ്റോറുകളിലെത്തിച്ചാണ് സ്കൂളുകളിലേക്ക് അരി നൽകിയിരുന്നത്.ഓരോ സ്കൂളിന്റെയും ആവശ്യാനുസരണം ഒരു മാസത്തേക്കുള്ള അരി നൽകുകയാണ് പതിവ്. എന്നാൽ എഫ്സിഐ ഗോഡൗണ് മുഖേനയുള്ള അരി വിതരണത്തിനു തടസം നേരിട്ടതോടെ മാവേലി സ്റ്റോറുകളിൽ അരി എത്തിയിട്ടില്ല.
ഇതേത്തുടർന്ന് ഉച്ചഭക്ഷണത്തിനായി അരി തേടി ഇറങ്ങിയിരിക്കുകയാണ് ജില്ലയിലെ പ്രഥമാധ്യാപകർ. പത്തനംതിട്ട ജില്ലയിലെ ഒട്ടുമിക്ക മാവേലി സ്റ്റോറുകളിലും സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ അരി വിതരണം തടസപ്പെട്ടിരിക്കുകയാണ്. എഫ്സിഐ ഗോഡൗണിൽ അരി എത്തിയിട്ടുണ്ടെങ്കിലും ബില്ല് മാറി ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ വിതരണം മുടങ്ങിയിരിക്കുകയാണ്.
എഫ്സിഐ ഗോഡൗണുകളിലേക്ക് സ്കൂളുകളിലേക്കുള്ള അരിയുടെ ബിൽ തുക ലഭ്യമാകാത്തതാണ് വിതരണം തടസപ്പെട്ടതെന്നു പറയുന്നു. ഓരോ മൂന്നുമാസത്തേക്കുമുള്ള അലോട്ട്മെന്റാണ് ഗോഡൗണുകൾ മുഖേന നടക്കുന്നത്. ട്രഷറി നിയന്ത്രണം കൂടി വന്നതോടെ വിതരണം തടസപ്പെട്ടു. ബില്ല് മാറാത്തതിനാൽ അരി വിതരണത്തിന് എഫ്സിഐ തയാറായില്ല.
അരി സ്റ്റോക്കില്ലാത്ത സ്കൂളുകൾ സമീപത്തു സ്റ്റോക്കുള്ള വിദ്യാലയങ്ങളിലെത്തി രസീത് മുഖേന അരി വാങ്ങി ഉച്ചഭക്ഷണ പദ്ധതി നടത്താനാണ ്നിർദേശം നൽകിയിരിക്കുന്നത്. എഫ്സിഐയിൽ നിന്നുള്ള തടസം രണ്ടുദിവസത്തിനകം മാറുമെന്നായിരുന്നു ഡിപിഐയിൽ നിന്നും അറിയിച്ചിരുന്നത്.
എന്നാൽ കഴിഞ്ഞയാഴ്ച മുതൽ അനുഭവപ്പെടുന്ന തടസം ഇന്നലെ വരെയും നീങ്ങിയിട്ടില്ല. അരി ഇല്ലെങ്കിലും ഉച്ചഭക്ഷണ വിതരണം മുടങ്ങരുതെന്ന നിർദേശം ചുമതലക്കാരായ പ്രഥമാധ്യാപകരെ കുറച്ചൊന്നുമല്ല പ്രതിസന്ധിയിലാക്കിയിരിക്കുന്നത്.