ചാലക്കുടി: സിവിൽ സപ്ലൈസ് ഡിപ്പോയിലെ കയറ്റിറക്ക് തൊഴിലാളി സമരത്തെ തുടർന്ന് കയറ്റിറക്ക് സ്തംഭിച്ചതിനാൽ സ്കൂളുകളിലേക്കുള്ള ഉച്ചഭക്ഷണത്തിനുള്ള അരി ലഭിക്കുന്നില്ല. കഴിഞ്ഞ ഡിസംബർ മുതൽ സിവിൽ സപ്ലൈസിലെ കയറ്റിറക്കു തൊഴിലാളികൾ കൂലി വർധനവ് ആവശ്യപ്പെട്ട് സമരത്തിലാണ്.
സിവിൽ സപ്ലൈസിൽനിന്നും അരി ലഭിക്കാത്തതിനാൽ അധ്യാപകർ പണം പിരിച്ച് അരി വാങ്ങിയാണ് ഉച്ചഭക്ഷണം നൽകിയിരുന്നത്.
ചാലക്കുടി, ഇരിങ്ങാലക്കുട, മാള വിദ്യാഭ്യാസ ഉപജില്ലകളിലെ 259-ഓളം സ്കൂളുകളിലേക്കാണ് അരി ലഭിക്കാതെയായത്.
അരി ലഭിക്കാതെയായപ്പോൾ അധ്യാപകർ കഴിഞ്ഞ ദിവസം സിവിൽ സപ്ലൈസിൽ എത്തി പ്രതിഷേധിച്ചപ്പോൾ ഒരു ലോഡ് അരി ഇറക്കി വിതരണംചെയ്തു. പ്രതിമാസം രണ്ടുലക്ഷം കിലോ അരിയാണ് സ്കൂളുകളിലേക്ക് വേണ്ടത്.
സമരം ഉണ്ടായാലും സ്കൂളുകളിലേക്ക് ആവശ്യമായ അരി കരുതലായി സ്റ്റോക്ക് ചെയ്യേണ്ടതായിരുന്നു. ഡിപ്പോ മാനേജർക്കതിൽ വീഴ്ച ഉണ്ടായതാണ് അരി സ്റ്റോക്കില്ലാതായത് തൃശൂർ സിവിൽ സപ്ലൈസിലും സമരത്തിലാണ് ഇതിനാൽ അവിടെ നിന്നും അരി കയറ്റി വിടുന്നില്ല.
കഴിഞ്ഞ ഡിസംബറിൽ ആരംഭിച്ചതാണ് സമരം സപ്ലൈയ്കോയിലും സാധനങ്ങൾ ഇല്ലാതായതോടെ കഴിഞ്ഞ ക്രിസ്മസിനു പോലീസ് ഇടപെട്ടാണ് സപ്ലൈകോയിലേക്കു അരി കയറ്റി വിട്ടത്.
കൂലി വർധനവിനു വേണ്ടിയാണ് തൊഴിലാളി സമരം. കരാറുകാരനാണ് തൊഴിലാളികൽക്ക് കൂലി നൽകുന്നത്. സർക്കാർ നിശ്ചയിച്ചതിലധികം കൂലി നൽകിവരുന്നുണ്ടെന്ന് കരാറുകാരൻ പറയുന്നു. മിഡെ മീൽസ് സ്കീം അനുസരിച്ചാണ് സ്കൂളിലേക്ക് അരി വിതരണം നടത്തുന്നത്.
ഇപ്പോൾ ഒരു ലോഡ് ഇറക്കിയത് സ്കൂളിലേക്ക് ലഭിച്ചത് കുറച്ചു ദിവസത്തേക്ക് മാത്രമേ ഉണ്ടാകുകയുള്ളൂ. ഇനിയുള്ള ദിവസങ്ങളിൽ സ്കൂളുകളിലേക്ക് അരി ലഭിച്ചിട്ടില്ലെങ്കിൽ സ്കൂളുകലിലെ ഉച്ചഭക്ഷണം നിലയ്ക്കും എന്ന അവസ്ഥയാണ്.