ഇസ്ലാമാബാദ്: പാക്കിസ്ഥാൻ തലസ്ഥാനനഗരിയായ ഇസ്ലാമാബാദിൽ നടക്കുന്ന ഷാംഗ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്സിഒ) ഉച്ചകോടിക്കിടെ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മംഗോളിയൻ പ്രധാനമന്ത്രി ഒയുൻ-എർഡെൻ ലുവ്സന്നംസ്രായുമായി കൂടിക്കാഴ്ച നടത്തി.
കൂടിക്കാഴ്ചയെക്കുറിച്ച് എസ്. ജയശങ്കർ ഇന്നലെ രാത്രി സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് പങ്കുവച്ചു. മംഗോളിയൻ പ്രധാനമന്ത്രിയുമായി ഇന്ത്യ-മംഗോളിയ ഉഭയകക്ഷി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ നടത്തിയെന്നും അദ്ദേഹം അറിയിച്ചു.
ഷാംഗ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷന്റെ (എസ്സിഒ) 23-ാമത് യോഗത്തിൽ പങ്കെടുക്കാൻ ഇസ്ലാമാബാദിലെത്തിയ ജയ്ശങ്കറിനെ നൂർ ഖാൻ എയർബേസിൽ പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ഡയറക്ടർ ജനറൽ ഇല്യാസ് മെഹമൂദ് നിസാമിയാണ് സ്വീകരിച്ചത്.
പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷെഹബാസ് ഷരീഫുമായി എസ്. ജയ്ശങ്കർ സൗഹൃദസംഭാഷണം നടത്തി. ഉച്ചകോടിയിലെത്തുന്ന രാഷ്ട്രനേതാക്കൾക്കായി ഷരീഫിന്റെ വസതിയിൽ നടന്ന അത്താഴവിരുന്നിലായിരുന്നു ഇരുവരും തമ്മിലുള്ള സൗഹൃദസംഭാഷണം. ഹസ്തദാനം നടത്തിയ രണ്ടുപേരും ഹ്രസ്വമായ ആശയവിനിമയത്തിനും തയാറായി.
കാഷ്മീർ പ്രശ്നം, അതിർത്തിക്കപ്പുറത്തുനിന്ന് ഇന്ത്യയിലേക്കു ഭീകരരെ എത്തിക്കുന്ന പ്രശ്നം എന്നിവമൂലം ഉഭയകക്ഷിബന്ധം താറുമാറായി തുടരുന്നതിനിടെയാണു കൂടിക്കാഴ്ച. ഒന്പതു വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി പാക്കിസ്ഥാൻ സന്ദർശിക്കുന്നത്. ഇസ്ലാമാബാദിൽ ഇന്നു തുടങ്ങുന്ന ഉച്ചകോടിയിൽ ഇന്ത്യൻ സംഘത്തെ എസ്. ജയശങ്കറാണു നയിക്കുന്നത്.