കീവ്: യുക്രെയ്ന് തലസ്ഥാനമായ കീവില്‍ നഴ്സറിക്ക് സമീപം ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് മൂന്നു കുട്ടികള്‍ ഉള്‍പ്പെടെ 18 പേര്‍ക്ക് ജീവന് നഷ്ടമായി.
മരിച്ചവരില്‍ ആഭ്യന്തരമന്ത്രി ഡെനിസ് മൊണാസ്റ്റിര്‍സ്കിയും സഹമന്ത്രി യെവ്ഗെനി എനിനുമുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.
യുക്രെയ്നിയന്‍ എമര്‍ജന്‍സി സര്‍വീസിന്റെ ഹെലികോപ്റ്ററാണ് അപകടത്തില്‍പെട്ടത്. ബ്രോവറിയിലെ ഒരു നഴ്സറിക്ക് സമീപമാണ് കോപ്റ്റര്‍ തകര്‍ന്നുവീണത്.
നഴ്സറിയിലുണ്ടായിരുന്ന കുട്ടികള്‍ക്കും ജീവനക്കാര്‍ക്കും അപകടത്തില്‍ ജീവഹാനി സംഭവിച്ചിട്ടുണ്ട്.
15 കുട്ടികള്‍ ഉള്‍പ്പെടെ 29 പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.
ആഭ്യന്തരമന്ത്രിയുള്‍പ്പെടെ എട്ട് പേരാണ് കോപ്റ്ററിലുണ്ടായിരുന്നതെന്നാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.
പൈലറ്റിന്റെ അശ്രദ്ധമൂലമാണ് അപകടമുണ്ടായതെന്നും ഇതിന് പിന്നില്‍ ദുരൂഹതയൊന്നുമില്ലെന്നുമാണ് പ്രാഥമിക നിഗമനം.