തൃശൂർ: ചാലക്കുടിയിലെ വസ്തുബ്രോക്കറും കൃഷിക്കാരനുമായ രാജീവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ പ്രമുഖ അഭിഭാഷകൻ അഡ്വ.സി.പി. ഉദയഭാനുവിനെതിരെ കൂടുതൽ തെളിവുകൾ പോലീസിന് ലഭിച്ചു. കൊല്ലപ്പെട്ട രാജീവിന്റെ വീട്ടിൽ പലതവണ ഉദയഭാനു എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളാണ് രാജീവിന്റെ വീട്ടിൽ നിന്നും പോലീസിന് ഇപ്പോൾ ലഭിച്ചിരിക്കുന്നത്. രാജീവും ഉദയഭാനുവും തമ്മിൽ ആദ്യകാലത്തുണ്ടായിരുന്ന നല്ല ബന്ധങ്ങൾ സംബന്ധിച്ച ദൃശ്യങ്ങളും പിന്നീട് ഇവർ തമ്മിൽ തെറ്റിയപ്പോഴുള്ള ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് സൂചന.
ഈ ദൃശ്യങ്ങൾ ഫോറൻസിക് പരിശോധനക്ക് അയക്കും. തനിക്ക് ഉദയഭാനുവിൽ നിന്നും ഭീഷണിയുണ്ടായിരുന്നതായി രാജീവ് നൽകിയിരുന്ന പരാതിയുടെ അടിസ്ഥാനത്തിൽ ഇവർ തമ്മിലുള്ള ഇടപാടുകളെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. കേരളത്തിലെ പ്രമുഖ അഭിഭാഷകനായതുകൊണ്ടുതന്നെ എടുത്തുചാടി ഉദയഭാനുവിനെതിരെ പോലീസ് നടപടിയെടുക്കില്ല. പകരം വ്യക്തവും കൃത്യവുമായ തെളിവുകൾ പരമാവധി ശേഖരിച്ചതിനു ശേഷമേ ഉദയഭാനുവിനെതിരെ എന്തെങ്കിലും നടപടിയുണ്ടാവുകയുള്ളു.
ഉദയഭാനു മുൻകൂർ ജാമ്യത്തിന്
തൃശൂർ: ചാലക്കുടി രാജീവ് കൊലക്കേസിൽ ആരോപണവിധേനയായ അഡ്വ.സി.പി.ഉദയഭാനു ഹൈക്കോടതിയിൽ മുൻകൂർ ജാമ്യത്തിന് ശ്രമം തുടങ്ങി. ഇന്നുതന്നെ ഉദയഭാനു ഹർജി നൽകുമെന്നാണ് സൂചന. ഉദയഭാനു ഭീഷണിപ്പെടുത്തിയിരുന്നുവെന്ന രാജീവിന്റെ മുൻ പരാതിയും ഇപ്പോൾ ലഭിച്ച സിസി ടിവി ദൃശ്യങ്ങളുമെല്ലാം ഉദയഭാനുവിനെതിരെയുള്ള കുരുക്കുകൾ മുറുക്കുന്ന സാഹചര്യത്തിലാണ് മുൻകൂർ ജാമ്യാപേക്ഷ നൽകുന്നത്.