തിരുവനന്തപുരം: ഫോർട്ട് പോലീസ് സ്റ്റേഷനിൽ വച്ച് ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ അഞ്ച് പോലീസ് ഉദ്യോഗസ്ഥർക്ക് ബുധനാഴ്ച ശിക്ഷ വിധിക്കുമെന്ന് കോടതി അറിയിച്ചു. ഇവർ കുറ്റക്കാരാണെന്ന് തിരുവനന്തപുരം സിബിഐ കോടതി രാവിലെ കണ്ടെത്തിയിരുന്നു. കൊലക്കുറ്റം ചുമത്തിയിരിക്കുന്ന ഒന്ന്, രണ്ടു പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
ഫോർട്ട് പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്സ്റ്റബിൾമാരായിരുന്ന ജിതകുമാർ, ശ്രീകുമാർ, എസ്ഐയായിരുന്ന അജിത്കുമാർ, സിഐയായിരുന്ന ഇ.കെ. സാബു, അസിസ്റ്റന്റ് കമ്മീഷണറായിരുന്ന ഹരിദാസ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയത്. കേസിലെ മറ്റൊരു പ്രതിയായിരുന്ന സോമൻ വിചാരണ വേളയിൽ മരിച്ചിരുന്നു.
ഇവരിൽ ജിതകുമാർ, ശ്രീകുമാർ എന്നിവർക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. ഇവരെ ഇതോടെ കോടതി റിമാൻഡ് ചെയ്യുകയായിരുന്നു. മറ്റ് മൂന്ന് പ്രതികൾക്കെതിരേ തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നി കുറ്റങ്ങൾ തെളിഞ്ഞിട്ടുണ്ടെന്നും കോടതി കണ്ടെത്തിയിരുന്നു. ഹരിദാസും സാബുവും എസ്പിമാരായി സർവീസിൽ നിന്നും റിട്ടയർ ചെയ്തിരുന്നു. മറ്റ് പോലീസ് ഉദ്യോഗസ്ഥരും ഇപ്പോൾ സർവീസിൽ തുടരുന്നുണ്ട്. അജിതുമാർ ഡിവൈഎസ്പിയായി പ്രവർത്തിച്ച് വരികയാണ്. ജിതുമാറും ശ്രീകുമാറും ഗ്രേഡ് എസ്ഐമാരായി സേവനമനുഷ്ഠിച്ച് വരികയാണ്.
2005 സെപ്റ്റംബർ 27-നാണ് ശ്രീകണ്ഠേശ്വരം പാർക്കിൽ നിന്നും ഉദയകുമാറിനെയും സുഹൃത്തിനെയും ഫോർട്ട് പോലീസ് സ്റ്റേഷനിലെ പോലീസുകാരായ ജിതകുമാർ, ശ്രീകുമാർ എന്നിവർ ചേർന്ന് കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിൽ എത്തിച്ചത്. ക്രൂരമർദ്ദനത്തെ തുടർന്ന് ഉദയകുമാർ മരണമടയുകയായിരുന്നു. ആദ്യം സംസ്ഥാന പോലീസ് അന്വേഷിച്ച കേസ് പിന്നീട് ഹൈക്കോടതി ഉത്തരവിനെ തുടർന്ന് സിബിഐ അന്വേഷിക്കുകയായിരുന്നു.