തിരുവനന്തപുരം: സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ഉദയകുമാർ ഉരുട്ടിക്കൊല കേസിൽ തിരുവനന്തപുരം സിബിഐ കോടതി ചൊവ്വാഴ്ച വിധി പറയും. 13 വർഷത്തിനുശേഷമാണ് കേസിൽ വിധി പറയുന്നത്. മുതിർന്ന പോലീസുകാർ ഉൾപ്പെടെ ആറ് പേരാണ് കേസിലെ പ്രതികൾ.
2005 സെപ്റ്റംബർ 27നാണ് മോഷണ കുറ്റം ആരോപിച്ച് ഉദയകുമാറിനെ തിരുവനന്തപുരം ഫോർട്ട് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഉരുട്ടൽ അടക്കം ക്രൂരമർദ്ദനങ്ങൾക്ക് വിധേയനായ ഉദയകുമാർ പിന്നീട് ജനറലാശുപത്രിയിൽ മരണമടഞ്ഞു.
കേസ് ഇല്ലാതാക്കാൻ പോലീസ് ആദ്യം ശ്രമിച്ചെങ്കിലും ബഹുജന പ്രക്ഷോഭത്തെ തുടര്‍ന്ന് നടന്ന സിബിഐ അന്വേഷണത്തില്‍ പ്രധാനപ്പെട്ട മൂന്നു പ്രതികളെ അറസ്റ്റ് ചെയ്തു. കൂടാതെ രേഖകള്‍ നശിപ്പിക്കാനും തിരുത്താനും കൂട്ടുനിന്ന ഏഴുപേരെ കൂടി സിബിഐ പ്രതികളാക്കി കുറ്റപത്രം സമർപ്പിച്ചിരുന്നു.
കേസുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ഹർജികൾ നൽകിയതാണ് കേസിൽ കാലതാമസം നേരിടാൻ കാരണമായത്. ജൂലൈ ആദ്യവാരമാണ് കേസിലെ വിചാരണ പൂർത്തിയാക്കിയത്. കേസിലെ പ്രധാന സാക്ഷി ഉൾപ്പെടെ ആറ് പേർ വിചാരണയ്ക്കിടെ കൂറുമാറിയിരുന്നു.