തിരുവനന്തപുരം: ഉദയകുമാര്‍ ഉരുട്ടിക്കൊലക്കേസില്‍ ഉണ്ടായ അപ്രതീക്ഷിത വിധി പ്രതികളെ മാത്രമല്ല മറ്റുള്ളവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഒന്നും രണ്ടും പ്രതികള്‍ക്ക് ജീവപര്യന്ത്യത്തില് കവിഞ്ഞൊന്നും ആരും പ്രതീക്ഷിക്കാതിരുന്ന സാഹചര്യത്തിലായിരുന്നു സിബിഐ പ്രത്യേക കോടതിയുടെ വിധി.
പോലീസും ക്രൈംബ്രാഞ്ചും എഴുതിത്തള്ളിയ കേസില്‍ ശാസ്ത്രീയ, സാഹചര്യത്തെളിവുകളാണു സി.ബി.ഐ. നിരത്തിയത്. ഉദയകുമാറിനെ ആളുമാറിപ്പിടിച്ചതല്ല എന്നു വരുത്തിത്തീര്‍ക്കാന്‍, കൊലപാതകത്തിനുശേഷം മോഷണക്കേസെടുത്തതും ഫോര്‍ട്ട് സ്റ്റേഷനിലെ ജനറല്‍ ഡയറി തിരുത്തിയതും പോലീസുകാര്‍ കൂട്ടത്തോടെ മൊഴിമാറ്റിയതുമെല്ലാം മാപ്പുസാക്ഷികളുടെ മൊഴികളില്‍നിന്നു തെളിഞ്ഞു.
മര്‍ദനമേറ്റതിന്റെയും രക്തം കട്ടപിടിച്ചതിന്റെയും പാടുകള്‍ മൃതദേഹത്തില്‍ ഉണ്ടായിരുന്നെന്ന് അന്നത്തെ ആര്.ഡി.ഒ കെ.വി. മോഹന്‍കുമാറും പീഡിപ്പിച്ച് കൊലപ്പെടുത്തിയതാണെന്നു ക്രൈംബ്രാഞ്ച് ഡിവൈ.എസ്പി പി. പ്രഭയും കോടതിയില്‍ മൊഴിനല്‍കിയതു കേസിന്റെ ഗതിമാറ്റി.
സ്റ്റേഷനില്‍ നടന്നതെല്ലാം ക്രൈംബ്രാഞ്ച് എസ്.പി കെ. ബാലചന്ദ്രനോടു തുറന്നുപറഞ്ഞിട്ടും രേഖപ്പെടുത്തിയില്ലെന്നു മറ്റൊരു മാപ്പുസാക്ഷി ഹീരാലാലും മൊഴിനല്‍കി. കൊല്ലപ്പെട്ടശേഷം ഉദയകുമാറിനെതിരേ വ്യാജ എഫ്.ഐ.ആര്. രജിസ്റ്റര്‍ ചെയ്ത എസ്.ഐ രവീന്ദ്രന്‍നായരെ സിബിഐ. മാപ്പുസാക്ഷിയാക്കിയതും നിര്‍ണായകമായി.
അന്നത്തെ എസ്.ഐ അജിത്കുമാറും സി.ഐ ഇ.കെ. സാബുവും ചേര്‍ന്ന് പോലീസുകാരിയായ സജിതാകുമാരിയെ ജോലി തെറിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി ഡ്യൂട്ടിബുക് തിരുത്തി കള്ളമൊഴി രേഖപ്പെടുത്തിയതും സിബിഐ കണ്ടെത്തി.
ജോലി പോകുമെന്ന ഭീഷണി ഭയന്നാണ് ഇക്കാര്യങ്ങള്‍ ചെയ്തതെന്ന സജിതയുടെ വെളിപ്പെടുത്തല്‍ പ്രതികള്‍ക്കുമേല്‍ കുരുക്കു മുറുക്കി. ഉദയകുമാറിനെ സ്റ്റേഷനിലെത്തിച്ചത് ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നെങ്കിലും ജനറല്‍ ഡയറിയില്‍ രാത്രി എട്ടിനെന്നാക്കി മാറ്റി.
ഉദയകുമാറിന്റെ കരച്ചില് കേട്ട് ആശുപത്രിയിലെത്തിക്കാന്‍ പറഞ്ഞപ്പോള്‍ എ.എസ്.ഐ വിജയകുമാര്‍ ശാസിച്ചെന്നും സജിത കോടതിയില്‍ മൊഴി നല്കി. സി.ഐയുടെ ഓഫീസിലേക്കു ചോദ്യംചെയ്യാന്‍ നടത്തിക്കൊണ്ടു പോയ ഉദയകുമാറിനെ ജിതകുമാറും ശ്രീകുമാറും ചേര്‍ന്ന് തോളിലേറ്റിയാണു തിരിച്ചെത്തിച്ചതെന്ന മൊഴിയും നിര്‍ണായകമായി.
അത്യാസന്ന നിലയിലായ ഉദയകുമാറിനെ ജിതകുമാറിന്റെ ആവശ്യപ്രകാരം ലോക്കപ്പിലിട്ടു. വിവരമറിഞ്ഞ് അസിസ്റ്റന്റ് കമ്മിഷണര്‍മാരായ ഷറഫുദ്ദീന്, ടി.കെ. ഹരിദാസ്, സി.ഐമാരായ ഇ.കെ. സാബു, മുഹമ്മദ് ഷാഫി എന്നിവര്‍ സ്റ്റേഷനിലെത്തി.
ഉന്നതരുടെ നിര്‍ബന്ധപ്രകാരം ജനറല്‍ ഡയറി തിരുത്തിയെന്നു തങ്കമണിയെന്ന പോലീസുകാരിയും വെളിപ്പെടുത്തി. ഫോര്‍ട്ട് സ്റ്റേഷനിലെ ബെഞ്ചില്‍ രക്തക്കറ കണ്ടെന്ന് ഫോറന്‍സിക് അസി. ഡയറക്ടര്‍ തോമസ് അലക്സും മരണകാരണം ലോക്കപ്പ് മര്‍ദനമാണെന്നു മെഡിക്കല്‍ കോളജ് ഫോറന്‍സിക് പ്രഫ: കെ. ശ്രീകുമാരിയും കണ്ടെത്തി. ഉരുട്ടാനുപയോഗിച്ച ഇരുമ്പുപൈപ്പിലെ രക്തക്കറയും ശാസ്ത്രീയതെളിവായി.