തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലകേസിൽ സിബിഐ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പോലീസ് ഉദ്യോഗസ്ഥരിൽ മൂന്ന് പേർ ഇപ്പോഴും സേനയിൽ തുടരുന്നവർ. ഒന്നാം പ്രതിയായ മലയിൻകീഴ് കമലാലയത്തിൽ കെ.ജിതകുമാർ ഡിസിആർബി വിഭാഗത്തിൽ എഎസ്ഐ ആയി സേവനമനുഷ്ഠിച്ച് വരികയാണ്.
രണ്ടാം പ്രതി നെയ്യാറ്റിൻകര സ്വദേശിയും സീനിയർ സിവിൽ പോലീസ് ഓഫീസറുമായ എസ്.വി.ശ്രീകുമാർ നിലവിൽ നാർകോട്ടിക് സെല്ലിലും നേമം പള്ളിച്ചൽ സ്വദേശി ടി.അജിത് കുമാർ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയായാണ് സേനയിൽ സേവനമുഷ്ഠിക്കുന്നത്.
കേസിൽ കോടതി കുറ്റക്കാരെന്ന് കണ്ടെത്തിയ പ്രതികളായ വെള്ളറട കെ.പി.ഭവനിൽ ഇ.കെ.സാബു സർവീസിൽ നിന്നും എസ്പിയായി വിരമിച്ചിരുന്നു. കൂടാതെ മറ്റൊരു പ്രതിയായ വട്ടിയൂർക്കാവ് സ്വദേശി ടി.കെ.ഹരിദാസും എസ്പിയായി വിരമിച്ചിരുന്നു.
കേസിലെ മൂന്നാം പ്രതി സോമൻ വിചാരണ വേളയിൽ മരണമടഞ്ഞിരുന്നു. 2005 സെപ്റ്റംബർ 27 നാണ് ഉദയകുമാറിനെ ഫോർട്ട് പോലീസ് സ്റ്റേഷനിൽ വച്ച് ഉരുട്ടിക്കൊലപ്പെടുത്തിയതെന്നാണ് കേസ്. ജിതകുമാർ, ശ്രീകുമാർ, സോമൻ എന്നിവർ ചേർന്നാണ് ഉദയകുമാറിനെ കൊലപ്പെടുത്തിയതെന്നായിരുന്നു കേസ്. ഇതിൽ ജിതകുമാർ, ശ്രീകുമാർ എന്നിവർക്കെതിരെ സിബിഐ കോടതിയിൽ കൊലക്കുറ്റം തെളിയിച്ചു.
മറ്റ് പ്രതികളായ അജിത് കുമാർ, സാബു, ഹരിദാസ് എന്നിവർക്കെതിരെ തെളിവ് നശിപ്പിക്കൽ, ഗൂഢാലോചന എന്നി കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. സംഭവം നടന്ന കാലയളവിൽ ജിതകുമാർ, ശ്രീകുമാർ എന്നിവർ സിവിൽ പോലീസ് ഓഫീസർമാരും അജിത്കുമാർ എസ്ഐയും സാബു സിഐയും ഹരിദാസ് അസിസ്റ്റന്റ് കമ്മീഷണറുമായിരുന്നു.