ദേവരാജൻ പൂച്ചാക്കൽ
പൂച്ചാക്കൽ: അച്ഛനുണ്ടായിരുന്നപ്പോൾ ഈ മൂന്നു പെണ്കുട്ടികൾ സുരക്ഷിതരായിരുന്നു. ഇല്ലായ്മ മറന്ന് ഉള്ളതുകൊണ്ട് സന്തോഷിച്ചു വളർന്നവർ.
ഇവരുടെ പ്രതീക്ഷകളും സപ്നങ്ങളും തകർന്നു വീണത് എട്ടു മാസങ്ങൾക്ക് മുന്പ് അച്ഛൻ ജയാനന്ദന്റെ മരണത്തോടെയാണ്. കാൻസർ രോഗം ക്ഷണിക്കപ്പെടാത്ത അതിഥിയായി ഇവരുടെ കുടുംബത്തിലേക്ക് കടന്നു വന്നു.
ആ രോഗം മരണത്തിലേക്ക് ഭർത്താവിനെ കൂട്ടിക്കൊണ്ടു പോകുന്പോൾ മൂന്നു പെണ്മക്ക ളെയും ചേർത്തു പിടിച്ച് ഉദയമ്മ എന്തു ചെയ്യണമെന്നറിയാതെ മരവിച്ചു നിന്നു.
പഠനത്തിൽ മിടുക്കരായ മക്കളെ തുടർന്നും പഠിപ്പിക്കാൻ സ്ഥിരമായി ചെറിയ വരുമാനം കണ്ടെത്തണമെന്ന ആലോചനയിൽ നിന്നാണ് ജയാനന്ദൻ മുന്പ് ബാർബർ ഷോപ്പ് നടത്തിയിരുന്ന റോഡരികിലെ പുറന്പോക്ക് സ്ഥലത്ത് മക്കളോടൊപ്പം ഭാഗ്യക്കുറി വിൽപ്പനയും പിന്നീട് പെട്ടിക്കടയും ആരംഭിച്ചത്.
പാണാവള്ളി പഞ്ചായത്ത് 16-ാം വാർഡ് അക്ഷര നിവാസിൽ ജയാനന്ദനും ഉദയമ്മയ്ക്കും നാലു പെണ്മക്കളാണ്. മൂത്തമകൾ ആര്യ കൃഷ്ണയുടെ വിവാഹം കഴിഞ്ഞു. ആകെയുള്ള മൂന്നു സെന്റ് സ്ഥലവും വീടും പണയപ്പെടുത്തി വായ്പയെടുത്താണ് വിവാഹം നടത്തിയത്.
ജയാനന്ദന്റെ മരണശേഷം ഭാര്യയും ബാക്കിയുള്ള മൂന്നു മക്കളും കടുത്ത ബുദ്ധിമുട്ടിലായി. ഉദയമ്മ തൊഴിലുറപ്പിനു പോയെങ്കിലും ആ വരുമാനംകൊണ്ട് കുടുംബം പോറ്റാൻ കഴിഞ്ഞിരുന്നില്ല.
ചേർത്തല അരൂക്കുറ്റി റോഡിൽ പാണാവള്ളി ഇലഞ്ഞിക്കൽ ബസ്് സ്റ്റോപ്പിനു സമീപമാണ് ഉദയമ്മയും മക്കളും നടത്തുന്ന പെട്ടിക്കട.
റോഡിലൂടെ കടന്നു പോകുന്ന വാഹനങ്ങൾക്കുനേരെ നീട്ടിപ്പിടിച്ച ലോട്ടറിയുമായി അഞ്ജലി കൃഷ്ണ, അക്ഷര കൃഷ്ണ, ആഷ കൃഷ്ണ എന്നിവർ ആ കടയ്ക്കുമുന്നിൽ നിൽപ്പുണ്ടാവും.
ജീവിതം പച്ചപിടിപ്പിക്കാനുള്ള ഭാഗ്യപരീക്ഷണം കൂടിയാണ് അവർക്ക് ലോട്ടറി വില്പന. അഞ്ജലി എംഎ കഴിഞ്ഞതാണ്. അക്ഷര എൻട്രൻസ് പരിശീലനം നടത്തുന്നു.
ആഷ പാരാ മെഡിക്കൽ കോഴ്സിനു പ്രവേശനം കാത്തിരിക്കുന്നു. റോഡ് വികസനം വന്നാൽ ഈ പുറന്പോക്ക് സ്ഥലവും അന്യമാകും.
അച്ഛൻ മുന്പ് ജോലി ചെയ്തിരുന്ന സ്ഥലമായതിനാലാകാം നാട്ടുകാർ നല്ല സപ്പോർട്ട് നൽകുന്നുണ്ടെന്ന് അഞ്ജലി പറയുന്നു. ഏതെങ്കിലും ഭാഗ്യം ലോട്ടറി പോലെ ഇവരെ തേടി വരും എന്ന പ്രതീക്ഷയിലാണ് ഈ കുടുംബം.