തൃപ്പൂണിത്തുറ: കാമുകിക്കൊപ്പം ജീവിക്കാൻ ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ മുഖ്യപ്രതി പ്രേംകുമാറിനെ സഹായിച്ച മൂന്നാമനെ പോലീസ് തെരയുന്നു.
പ്രേംകുമാറിന്റെ രണ്ടാം ഭാര്യ ചേർത്തല സ്വദേശിനി വിദ്യയാണു (48) മൂന്നു മാസം മുന്പ് കൊല്ലപ്പെട്ടത്. ഉദയംപേരൂർ ആമേട അന്പലത്തിനു സമീപം വാടകയ്ക്കു താമസിക്കുന്ന ചങ്ങനാശേരി ഇത്തിത്താനം മലകുന്നം കൊല്ലമറ്റത്തിൽ പ്രേംനിവാസിൽ പ്രേംകുമാർ (40), കാമുകി തിരുവനന്തപുരം വെള്ളറട വാലൻവിള സുനിതാ ബേബി (39) എന്നിവർ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഇതിനിടെ, കൊലപാതകത്തിൽ സുനിതയെകൂടാതെ പ്രേംകുമാറിനു സഹായിയായി സഹപാഠി കൂടെ ഉണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പോലീസ്. പ്രേംകുമാറിനും സുനിതയ്ക്കുമൊപ്പം സ്കൂളിൽ പഠിച്ച തിരുവനന്തപുരം സ്വദേശിയിലേക്കാണ് അന്വേഷണം നീളുന്നത്. ഇയാൾ തിരുവനന്തപുരത്തെ മാർക്കറ്റിൽ തൊഴിലാളിയാണ്. അടിപിടി ഉൾപ്പെടെ തലസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരേ നിരവധി കേസുകളുണ്ട്.
കൊലയ്ക്കുശേഷം മൃതദേഹം എന്തു ചെയ്യണമെന്ന് ഉപദേശം തേടാനായി പ്രേംകുമാർ ആദ്യം വിളിച്ചത് ഈ സുഹൃത്തിനെയാണ്. ഇയാളുടെ നിർദേശപ്രകാരമാണ് വിദ്യയുടെ മൃതദേഹം തിരുനെൽവേലിയിൽ കൊണ്ടുപോയി ഉപേക്ഷിച്ചതെന്നാണ് പോലീസ് പറയുന്നത്.
പ്രേംകുമാറിനേയും സുനിതയേയും കസ്റ്റഡിയിൽ ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരം ലഭിക്കുകയുള്ളൂവെന്നു പോലീസ് പറഞ്ഞു. ഇതിനായി അപേക്ഷ നൽകി. കൂടുതൽ തെളിവെടുപ്പിനായി വിദ്യയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം നടത്തേണ്ടി വരും.
കസ്റ്റഡിയിൽ ലഭിച്ചശേഷം തിരുനെൽവേലിയിലും, തിരുവനന്തപുരത്തും പ്രതികളെ എത്തിച്ചു തെളിവെടുപ്പ് നടത്തും. തിരുനെൽവേലിയിൽ മൃതദേഹം ഉപേക്ഷിച്ചശേഷം പ്രതികൾ ഒരു ഹോട്ടലിൽ തങ്ങിയിരുന്നു. ഇവിടെയും, കൊലപാതകം നടന്ന തിരുവനന്തപുരം പേയാടുള്ള ഇവരുടെ വാടക വീട്ടിലും തെളിവെടുപ്പിന് എത്തിക്കുമെന്നും പോലീസ് പറഞ്ഞു.
ഇക്കഴിഞ്ഞ സെപ്റ്റംബർ 21 നു പുലർച്ചെയാണ് വിദ്യയെ കാമുകി സുനിതയുടെ സഹായത്തോടെ പ്രേംകുമാർ കൊലപ്പെടുത്തിയത്. സ്കൂൾ സഹപാഠികളുടെ കൂട്ടായ്മയ്ക്കിടെ പഴയ കാമുകിയായ സുനിതയെ പ്രേംകുമാർ കണ്ടെത്തുന്നതോടെയാണു സംഭവങ്ങളുടെ തുടക്കം.
ഈസമയം സുനിത ഭർത്താവിനൊപ്പം ഹൈദരാബാദിലായിരുന്നു താമസം. ഇനിയുള്ള കാലം ഒരുമിച്ചു ജീവിക്കാമെന്ന പ്രേംകുമാറിന്റെ അഭ്യർഥനയ്ക്കു സുനിത അനുകൂലമായി പ്രതികരിച്ചതോടെയാണ് ഭാര്യയെ ഒഴിവാക്കാൻ പ്രേംകുമാർ പദ്ധതി തയാറാക്കിയത്.