സീമ മോഹന്‍ലാല്‍
കൊച്ചി: യുവതിയെ ഭര്‍ത്താവും കാമുകിയും ചേര്‍ന്നു കൊലപ്പെടുത്തിയ സംഭവത്തിൽ വഴിത്തിരിവായത് കാമുകിയെ പ്രതിയാക്കാനുള്ള ഭർത്താവിന്റെ ശ്രമം. ഉദയംപേരൂര്‍ ആമേട അമ്പലത്തിന് സമീപം വാടകയ്ക്ക് താമസിക്കുന്ന ചങ്ങനാശേരി ഇത്തിത്താനം മലകുന്നം കൊല്ലമറ്റത്തില്‍ പ്രേംനിവാസില്‍ പ്രേംകുമാര്‍ (40), ഇയാളുടെ കാമുകി തിരുവനന്തപുരം വെള്ളറട വാലന്‍വിള വീട്ടില്‍ സുനിതാ ബേബി (39) എന്നിവരാണ് യുവതിയെ കൊന്ന കേസില്‍ ഉദയംപേരൂര്‍ പോലീസിന്റെ പിടിയിലായത്. പ്രേംകുമാറിന്റെ രണ്ടാം ഭാര്യ ചേര്‍ത്തല സ്വദേശി വിദ്യ(48)യെ ഇരുവരും ചേര്‍ന്ന് കൊലപ്പെടുത്തിയത്.
വിദ്യയുടെ ആദ്യ വിവാഹത്തില്‍ മൂന്നു കുട്ടികളുണ്ടായിരുന്നു. ഇതിനിടയിലാണ് പ്രേകുമാറുമായി ഇവര്‍ ജീവിക്കാന്‍ തുടങ്ങിയത്. ഈ ബന്ധത്തില്‍ ഇവര്‍ക്ക് ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമുണ്ട്. ഹൈന്ദ്രബാദില്‍ നഴ്സായ സുനിത മൂന്നു കുട്ടികളുടെ അമ്മയാണ്.
സ്കൂള്‍ പഠനകാലത്ത് പ്രേംകുമാറും സുനിതയും ഒന്നിച്ച് പഠിച്ചതാണ്. ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ പ്രേകുമാറിന് സുനിതയോട് പ്രണയം ഉണ്ടായതായി പറയുന്നു. ഇതിനിടയില്‍ സ്കൂള്‍ റീ യൂണിയനില്‍ ഇരുവരും വീണ്ടും കണ്ടുമുട്ടി. പിന്നീട് ചാറ്റിംഗും ഫോണുവിളികളും പതിവാക്കിയിരുന്നു. ഇരുവരും ഒന്നിച്ചു താമസിക്കാന്‍ തീരുമാനിച്ചതോടെയാണ് എങ്ങനെയെങ്കിലും ആദ്യഭാര്യയായ വിദ്യയെ ഒഴിവാക്കാന്‍ പ്രേംകുമാര്‍ തീരുമാനിച്ചത്.
തിരുവനന്തപുരത്തെ ആശുപത്രിയില്‍ നഴ്സായി ജോലി ചെയ്തിരുന്ന സുനിത ഇതിനായി കരുക്കള്‍ നീക്കി. മുന്‍ നിശ്ചയിച്ച പ്രകാരം കഴിഞ്ഞ സെപ്റ്റംബര്‍ 20-ന് വിദ്യയെ തിരുവനന്തപുരത്തെ വില്ലയില്‍ എത്തിപ്പിച്ച് അമിതമായി മദ്യം നല്കി ഇരുവരും ചേര്‍ന്ന് കയര്‍ കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. അതിനുശേഷം മൃതദേഹം തിരുനെല്‍വേലിയിലെ ഹൈവേയ്ക്കടുത്തുള്ള കുറ്റിക്കാട്ടില്‍ കൊണ്ടുപോയി തള്ളി.
നാട്ടില്‍ തിരിച്ചെത്തിയ ശേഷം ഭാര്യയെ കാണാനില്ലെന്ന് കാണിച്ച ഇയാള്‍ ഉദയംപേരൂര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. ആദ്യം മുതല്‍ തന്നെ പോലീസിന് ഇയാളില്‍ സംശയമുണ്ടായിരുന്നു. പലപ്പോഴും പരസ്പരവിരുദ്ധമായാണ് ഇയാള്‍ സംസാരിച്ചിരുന്നത്. ഇയാളുടെ വീട്ടിലെ സെപ്റ്റിക് ടാങ്ക് വരെ പൊളിച്ച് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. തുടര്‍ന്ന് പോലീസ് തന്നെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് കാണിച്ച് ഇയാള്‍ പരാതി നല്‍കിയിരുന്നു.
ഇതിനിടയില്‍ വിദ്യയുമായുള്ള ബന്ധത്തിലുള്ള മക്കളുടെ സംരക്ഷണയെ ചൊല്ലി സുനിതയുമായി ചെറിയ തോതില്‍ വഴക്ക് ഉണ്ടായതായി പോലീസ് പറയുന്നു. ഇത് പ്രേംകുമാറിനെ സുനിതയ്ക്കെതിരെ തിരിയാന്‍ പ്രേരിപ്പിച്ചു. തുടര്‍ന്ന് സുനിതയും താനും ചേര്‍ന്നാണ് വിദ്യയെ കൊന്നതെന്ന് ഇയാള്‍ പോലീസിന് വാട്സ്ആപ്പ് സന്ദേശം അയയ്ക്കുകയായിരുന്നു. ഇതോടെ പോലീസിന് കാര്യങ്ങള്‍ കൂടുതല്‍ വ്യക്തമായി.
വിദ്യയുടെ കൊലപാതകത്തിനുശേഷം മൊബൈല്‍ഫോണ്‍ ഇയാള്‍ നേത്രാവതി എക്സ്പ്രസിലെ ബാത്ത്റൂമില്‍ വെസ്റ്റ്ബിന്നില് ഉപേക്ഷിച്ചിരുന്നു. സൈബർ സെല്‍ അന്വേഷണത്തില്‍ പൂനെ ആയിരുന്നു ലൊക്കേഷന്‍ കാണിച്ചത്. വിദ്യ മുമ്പ് രണ്ടു തവണ നാടുവിട്ടു പോയിട്ടുള്ളതാണ്. അന്ന് പോലീസ് കണ്ടെത്തിയിരുന്നു. മൊബൈല്‍ ഉപേക്ഷിച്ചതിലൂടെ അവര്‍ വീണ്ടും നാടുവിട്ടുവെന്ന് വരുത്തി തീര്‍ക്കാനും പ്രേംകുമാര്‍ ശ്രമിച്ചിരുന്നു.
അമ്മയെവിടെ പോയാലും തന്നെ വിളിച്ച് വിവരം അറിയിക്കുമെന്ന് വിദ്യയുടെ ആദ്യവിവാഹത്തിലെ മകൾ പോലീസിന് മൊഴി നൽകിയിരുന്നു. മക്കളെ നോക്കാന്‍ സാധിക്കിലെന്ന നിലപാടിൽ സുനിത ഹൈദരബാദിലെക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനിടയില്‍ സുനിതയെ പ്രതിയാക്കി ബഹ്റിനിലേക്ക് പോകാനുള്ള ശ്രമവും പ്രേകുമാര്‍ നടത്തിയിരുന്നു.
കഴിഞ്ഞ വെള്ളിയാഴ്ച യാത്രയ്ക്കായി ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. അറസ്റ്റ് നടന്നതിന്റെ തലേന്ന് മകളെ മുത്തച്ഛനൊപ്പം അയച്ചു. മകനെ തിരുവനന്തപുരത്തെ ഓര്ഫനേജിലാക്കാനായിരുന്നു തീരുമാനം. എന്നാല്‍, ചില തടസങ്ങള്‍ നേരിട്ടതിനെത്തുടര്‍ന്ന് ഇയാളുടെ യാത്ര ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഇതിനിടയിലാണ് പോലീസ് അറസ്റ്റ് ചെയ്തത്.