തൃപ്പൂണിത്തുറ: നടക്കാവ് ദേവീക്ഷേത്രത്തിലെ വെടിക്കെട്ടപകടത്തിൽ അറസ്റ്റ്. എക്സ്പ്ലോസീവ് ആക്റ്റ് പ്രകാരം ക്ഷേത്രം ഭാരവാഹികളെയും കരയോഗം ഭാരവാഹികളെയും ഉദയംപേരൂർ പോലീസാണ് അറസ്റ്റു ചെയ്തത്.
ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. അതിനിടെ, ജില്ലാ കളക്ടർ എസ്. സുഹാസ് ഉൾപ്പെടെയുള്ളവർ സംഭവസ്ഥലം സന്ദർശിച്ചു.
ജില്ലാ കളക്ടർക്കു പുറമെ തഹസിൽദാർ, അസി.കമ്മീഷണർ എന്നിവരും ഇന്ന് രാവിലെ സ്ഥലത്തെത്തി സന്ദർശനം നടത്തി. ബോംബ് സ്വകാഡ്, അഗ്നിശമന സേന എന്നിവയുടെ നേതൃത്വത്തിൽ രാവിലെ മുതൽക്കേ ബാക്കിയുള്ള സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കി വരുന്ന ജോലികളിൽ ഏർപ്പെട്ടു വരികയാണ്.
ദേവീക്ഷേത്രത്തിലെ താലപ്പൊലി ഉത്സവത്തോടനുബന്ധിച്ച് നടന്ന വെടിക്കെട്ടിൽ അമിട്ട് ആൾക്കൂട്ടത്തിലേക്ക് തെറിച്ചു വീണാണ് വൻ അപകടമുണ്ടായത്.
ഇന്നലെ രാത്രി 8.45 ഓടെ ഉണ്ടായ അപകടത്തിൽ 14 പേർക്ക് പരിക്കേറ്റിരുന്നു. ദീപാരാധനയോടനുബന്ധിച്ച് നടന്ന കരിമരുന്ന് പ്രയോഗത്തിനിടെ നല്ല ഉയരത്തിൽ ഉയർന്ന് പൊട്ടേണ്ട അമിട്ട് ചരിഞ്ഞ് ആളുകൾക്കിടയിലേക്കു പതിക്കുകയായിരുന്നു.
ഉദയംപേരൂർ വലിയകുളം ബിന്ദു (46) മണ്ണാച്ചിറയിൽ സി.കെ. പ്രഭാകരൻ (47), നടക്കാവ് സ്വദേശി ദിവ്യ ഷണ്മുഖൻ, പുതിയകാവ് സ്വദേശിനി ഗിരിജ (60), അക്ഷയ് (17), തിരുവാങ്കുളം സ്വദേശിനി സ്മിത, വിമല, സുദിന, പ്രസാദ്, നിയ, സരിത, മൈനി, പനച്ചിൽ വിശാഖ്, അനീഷ് എന്നിവർക്കാണ് പരിക്കേറ്റത്. ഇതിൽ ഗുരുതരമായി പരിക്കേറ്റ വിമല ഉൾപ്പെടെ പത്തു പേരെ കളമശേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മറ്റുള്ളവരെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലും എറണാകുളം ജനറൽ ആശുപത്രിയിലുമായി പ്രവേശിപ്പിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് ലോഹചീൾ തെറിച്ചുകൊണ്ടാണു ആളുകൾക്ക് പരിക്കേറ്റത്. സർക്കാർ നിയന്ത്രണങ്ങൾക്ക് വിധേയമായി ഹൈക്കോടതിയുടെ അനുമതിയോടെയാണ് വെടിക്കെട്ട് നടന്നത്.