തിരുവനന്തപുരത്ത് വിദേശ വനിതയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതികള്‍ കൊടുംക്രിമിനലുകള്‍. കോവളം പനത്തുറ സ്വദേശികളായ തിരുവല്ലം വെള്ളാര്‍ വടക്കേ കൂനംതുരുത്തി വീട് ഉമേഷ് (28), ഉദയന്‍ (24) എന്നിവരാണ് അറസ്റ്റിലായത്.
ഇരുവരും അയല്‍വാസികളാണ്. കോവളത്തെ കോളനികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചിരുന്ന ഉമേഷിനും ഉദയനും മയക്കുമരുന്ന് കച്ചവടമായിരുന്നു പ്രധാനജോലി. ഗൈഡായി വിദേശികള്‍ക്കൊപ്പം കൂടിയാണ് തട്ടിപ്പുകള്‍ നടത്തുക.
മുപ്പതു തികഞ്ഞിട്ടില്ലെങ്കിലും ഉമേഷും ഉദയനും ക്രൂരതയുടെ പര്യായമെന്ന് പോലീസ്. അടിപിടി, സ്ത്രീകളെയും കുട്ടികളെയും ഉപദ്രവിക്കല്‍, അബ്കാരി കേസുകള്‍ ഉള്‍പ്പെടെ 13 കേസുകള്‍ ഉമേഷിന്റെ പേരിലുണ്ട്. ഉദയന്റെ പേരില്‍ ആറും. പ്രദേശവാസികള്‍ക്കും കോവളത്തെ വ്യാപാരികള്‍ക്കുമൊക്കെ ഇവരെ ഭയമായിരുന്നു. അതുകൊണ്ടു തന്നെ ഇരുവര്‍ക്കുമെതിരെ മൊഴിനല്‍കാന്‍ പോലും പലരും തയാറായില്ല.
വിദേശ യുവതിയെ കോവളത്തുനിന്നു സ്ഥലങ്ങള്‍ കാണിച്ചുകൊടുക്കാമെന്നു വിശ്വസിപ്പിച്ചാണു പ്രതികള്‍ വാഴമുട്ടത്തെ പൊന്തക്കാട്ടില്‍ എത്തിച്ചത്. ഇരുവരും ചേര്‍ന്നു യുവതിയെ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. മാര്‍ച്ച് പതിനാലിനാണ് പോത്തന്‍കോട് ധര്‍മ ആയുര്‍വേദ റിസോട്ടില്‍നിന്ന് വിദേശവനിതയെ കാണാതായത്. ഇതേദിവസം തന്നെ കോവളത്തെ ഗ്രോവ് ബീച്ചിലുമെത്തി. ഓട്ടോറിക്ഷയിലാണ് ഇവിടെ വരെയെത്തിയത്.
രാവിലെ ഒമ്പതോടെ കോവളം ഗ്രോവ് ബീച്ചിലെത്തിയ യുവതി പനത്തുറ ഭാഗത്തേക്കു നടന്നു. ഇതു ശ്രദ്ധയില്‍പ്പെട്ട പ്രതികള്‍ ടൂറിസ്റ്റ് ഗൈഡുകള്‍ എന്ന വ്യാജേന അവരെ സമീപിച്ചു വിശ്വാസ്യത പിടിച്ചുപറ്റി. തുടര്‍ന്ന് ഉമേഷും ഉദയനും കാഴ്ചകള്‍ കാണിച്ചു തരാമെന്നും കഞ്ചാവു നല്‍കാമെന്നും പറഞ്ഞ് പനത്തുറയിലെ ക്ഷേത്രപരിസരത്തേക്ക് കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. കണ്ടല്‍ക്കാട്ടില്‍ വച്ച് മയക്കുമരുന്ന് നല്കിയശേഷം ഇരുവരും പീഡിപ്പിച്ചു.
പിന്നീട് വീണ്ടും പീഡിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ മയക്കുമരുന്നിന്റെ ആലസ്യം വിട്ടതോടെ യുവതി ഇതിനെ എതിര്‍ത്തു. ഇതേത്തുടര്‍ന്ന് പിന്നിലൂടെ കഴുത്ത് പിടിച്ച് കീഴ്പ്പെടുത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം. തുടര്‍ന്ന് മരണം ആത്മഹത്യയാക്കാന്‍ വള്ളികള്‍ ഉപയോഗിച്ച് കെട്ടിത്തൂക്കുകയായിരുന്നു.
അന്നു തന്നെ കൊലപാതകം നടന്നതെന്നാണ് പോലീസ് കണ്ടെത്തിയിരിക്കുന്നത്. കൊലപാതകശേഷവും സാധാരണപോലെ ഇവര്‍ പെരുമാറി. എന്നാല്‍ മൃതദേഹം കണ്ടെത്തിയ തുരത്തിലെ പ്രധാനികള്‍ ഇവരായിരുന്നുവെന്ന് പോലീസ് മനസിലാക്കിയതോടെയാണ് അന്വേഷണം ഉമേഷിലേക്കും ഉദയനിലേക്കും എത്തിയത്.
യുവതിയുടെ ജീര്‍ണിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം നടത്തിയതിന്റെ റിപ്പോര്‍ട്ട്, ഫോറന്‍സിക് പരിശോധന, യുവതിയുടെ ആന്തരിക അവയവങ്ങളുടെ രാസപരിശോധന ഫലം എന്നിവ ക്രോഡീകരിച്ചു നടത്തിയ അന്വേഷണത്തില്‍നിന്നു മൃതദേഹം കാണപ്പെട്ട പൊന്തക്കാട്ടില്‍ നിന്നു ലഭിച്ച തലമുടിയിഴകള്‍ പരിശോധിച്ചതില്‍ നിന്നുമാണു കൊലപാതകത്തിനു പിന്നില്‍ പ്രദേശവാസികളായ ഉമേഷും ഉദയനുമാണെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചത്.