ചെന്നൈ: രണ്ടു വർഷം മുന്പ് ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിൻ പറഞ്ഞതു വെള്ളത്തിൽ വരച്ച വരപോലായി.
കരുണാനിധി കുടുംബത്തിൽനിന്ന് ഒരു ഇളയസന്തതികൂടി രാഷ്ട്രീയത്തിലെത്തിയിരിക്കുന്നു. പത്തുവർഷം മുന്പ് കൈവിട്ടുപോയ അധികാരക്കസേര തിരിച്ചുപിടിക്കുകയാണ് ലക്ഷ്യം.
1977 മുതൽ ഡിഎംകെയുടെ ഉരുക്കുകോട്ടയായ ചെപ്പോക്കിലാണ് ഉദയനിധിയുടെ കന്നിയങ്കം.
പാർട്ടി ചിഹ്നത്തിലെ സൂര്യനെപ്പോലെയാണ് മുത്തച്ഛൻ കരുണാനിധിയുടെ അൻപു ചെല്ലമായ ഉദയനിധി.
മൂന്നുതവണ കരുണാനിധിയെ നിയമസഭയിലെത്തിച്ച മണ്ഡലമാണ് ചെപ്പോക്ക്. ഇന്ന് രണ്ടുലക്ഷം വോട്ടർമാരാണ് മണ്ഡലത്തിലുള്ളത്.
ഡിഎംകെയുടേതു കുടുംബവാഴ്ചയാണെന്നു പരിഹസിച്ച ബിജെപി-അണ്ണാഡിഎംകെ പാർട്ടികളോട്, കരുണാനിധിയുടെ കൊച്ചുമകനും സ്റ്റാലിന്റെ മകനുമായതിൽ അഭിമാനിക്കുന്നുവെന്നായിരുന്നു ഉദയനിധിയുടെ മാസ് ഡയലോഗ്.
രാഷ്ട്രീയനേതൃനിരയിലെത്താൻ കരുണാനിധിയുടെ നിഴലായി അൻപതുവർഷമാണ് എം.കെ. സ്റ്റാലിനു കാത്തിരിക്കേണ്ടിവന്നത്.
ചെന്നൈ ലൊയോള കോളജിൽനിന്ന് വിഷ്വൽ കമ്യൂണിക്കേഷനിൽ ബിരുദമെടുത്തശേഷം മുത്തച്ഛൻ കരുണാനിധി തുടങ്ങിയ ഡിഎംകെയുടെ മുഖപത്രമായ മുരശൊല്ലിയുടെ മാനേജിംഗ് ഡയറക്ടറായി നിയമനം. 2019 മുതൽ പാർട്ടി യൂത്ത് വിംഗ് സെക്രട്ടറി.
43 കാരനായ ഉദയനിധിക്ക് ശുക്രദശയാണ്. ഉദനിധിയുടെ താരപരിവേഷം 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പാർട്ടി ഉപയോഗപ്പെടുത്തിയിരുന്നു. 39 ൽ 38 സീറ്റും ഡിഎംകെ സ്വന്തമാക്കി.
തെരഞ്ഞെടുപ്പു കമ്മീഷനു നല്കിയ സത്യവാങ്മൂലത്തിൽ ഉദയനിധിക്ക് 29.07 കോടി രൂപയുടെ സ്ഥാവര ജംഗമ സ്വത്തുക്കളുണ്ട്.
റെഡ് ജയന്റ് മൂവീസ് എന്ന സിനിമാ കന്പനിയുണ്ട്. ഭാര്യ കാർത്തികയ്ക്ക് 1.15 കോടിയുടെയും മക്കളായ ഇൻപനിധി, തന്മയ എന്നിവരുടെ പേരിൽ 95 ലക്ഷം രൂപയുടെയും സ്വത്തുണ്ട്.
കുരുവി(2008), ആദവൻ(2009), മന്മഥൻ അന്പ്(2010), ഏഴാ അറിവ്(2011) എന്നീ ചിത്രങ്ങൾ നിർമിച്ചു. 2020 ൽ പുറത്തിറങ്ങിയ സൈകോയിലെ നായക വേഷം ശ്രദ്ധിക്കപ്പെട്ടു.
പിതാവ് സ്റ്റാലിൻ ഉൾപ്പെടുന്ന സ്ക്രീനിംഗ് കമ്മിറ്റിയാണ് ഉദയനിധിയെ ഇന്റർവ്യൂവിനു വിളിച്ചത്. മുതിർന്ന നേതാക്കൾക്ക് അറിയേണ്ടത് ഒരു ഉത്തരമായിരുന്നു.
ചെപ്പോക്കിൽ സ്ഥാനാർഥിയായാൽ മറ്റിടങ്ങളിൽ പാർട്ടിക്കുവേണ്ടി പ്രചാരണത്തിനിറങ്ങുമോ എന്ന്. നിങ്ങൾ പറയുന്ന സമയമത്രയും എന്നായിരുന്നു ഉദയനിധിയുടെ മറുപടി.
വെല്ലൂരിൽ ഉദയനിധി പ്രസംഗിക്കുന്നു: ഗർഭിണികൾക്ക് 43,000 രൂപ… കുടുംബം പോറ്റുന്ന അമ്മമാർക്ക് മാസംതോറും 1000 രൂപ… പ്രകടനപത്രികയിലെ വാഗ്ദാനങ്ങൾ ഉച്ചഭാഷണിയിലൂടെ ഒഴുകുന്നു. ഡിഎംകെ ക്യാന്പ് ആത്മവിശ്വാസത്തിലാണ്.