പുരോഗമന ചിന്താഗതിയിലും സാംസ്കാരിക സമ്പന്നതയിലും കേരളവും തമിഴ്നാടും സമാനമാണെന്ന് തമിഴ്നാട് മന്ത്രിയും സിനിമാതാരവുമായ ഉദയനിധി സ്റ്റാലിൻ. കണ്ണൂർ സർവകലാശാലാ ലിറ്ററേച്ചർ ഫെസ്റ്റിവൽ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുന്ന വേളയിലാണ് ഇക്കാര്യം പറഞ്ഞത്.
ചരിത്രപരവും സാംസ്കാരികപരവുമായ ഇഴയടുപ്പം കേരളവും തമിഴ്നാടും തമ്മിലുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും രാഷ്ട്രീയ നേതൃത്വങ്ങളും പതിറ്റാണ്ടുകളായി ആത്മബന്ധം സൂക്ഷിക്കുന്നവരാണ്.
നിലവിലെ മുഖ്യമന്ത്രിമാരായ പിണറായി വിജയനും എം.കെ. സ്റ്റാലിനും ദൃഢമായ അടുപ്പമാണുള്ളത്. ഫാസിസത്തിന് എതിരായ പോരാട്ടത്തിലും കേരളത്തിനും തമിഴ്നാടിനും ഒരേ മനസ്സാണെന്നും 2024 ലും കേരളവും തമിഴ്നാടും ഫാസിസ്റ്റ് ശക്തികള്‍ക്ക് തിരിച്ചടി നല്‍കണമെന്നും ഉദയനിധി സ്റ്റാലിന് പറഞ്ഞു. ഉദയനിധി സ്റ്റാലിൻ തന്റെ ഫേസ്ബുക്ക് പേജിലും ചടങ്ങിന്റെ ചിത്രങ്ങൾ പങ്കുവച്ചു.
കെ.വി. സുമേഷ് എംഎല്‍എ, കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്, മുന്‍ എംഎല്‍എ എം.വി. ജയരാജന്, എഴുത്തുകാരന് അശോകന് ചരുവില്‍ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.