ചെന്നൈ: തമിഴ്നാട്ടിൽ തലമുറമാറ്റത്തിനു കളമൊരുങ്ങുന്നതായി റിപ്പോർട്ട്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനായ ഉദയനിധി സ്റ്റാലിൻ ഉപമുഖ്യമന്ത്രിയാകുമെന്നു റിപ്പോർട്ടുകളിൽ സൂചിപ്പിക്കുന്നു.
നിലവിൽ യുവജനക്ഷേമ, കായിക മന്ത്രിയാണ് ഉദയനിധി. മുഖ്യമന്ത്രി സ്റ്റാലിന് അടുത്തമാസം 22ന് യുഎസ് സന്ദർശനത്തിനു പോകുന്നതിനു മുമ്പായി ഉദയനിധി പുതിയ സ്ഥാനത്തെത്തുമെന്നാണ് സൂചന. ഇതോടൊപ്പം തമിഴ്നാട് മന്ത്രിസഭയുടെ അഴിച്ചുപണിയും നടക്കും.
2026 നിയമസഭാ തെരഞ്ഞെടുപ്പ് ആകുമ്പോഴേക്കും കൂടുതല്‍ ഉത്തരവാദിത്വങ്ങൾ നൽകി ഉദയനിധി സ്റ്റാലിനെ പാര്‍ട്ടിയുടെ മുഖമായി മാറ്റാനാണു നീക്കം.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഡിഎംകെയുടെ സ്റ്റാർ പ്രചാരകൻ ഉദയനിധിയായിരുന്നു. ജനുവരിയിൽ ഉദയനിധിയെ ഉപമുഖ്യമന്ത്രിയാക്കാൻ ശ്രമങ്ങൾ നടന്നിരുന്നെങ്കിലും സനാതന ധർമ വിവാദത്തെത്തുടർന്ന് അന്നത്തെ നീക്കം ഉപേക്ഷിക്കുകയായിരുന്നു.
ഡിഎംകെയുടെ യുവജന വിഭാഗം നേതാവായ ഉദയനിധി ചെപ്പോക്ക്-തിരുവല്ലിക്കേനി മണ്ഡലത്തിൽനിന്നുള്ള എംഎൽഎയാണ്. മുഖ്യമന്ത്രിയായിരിക്കെ 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ കരുണാനിധി മകനായ എം.കെ. സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയിരുന്നു.