ഉദയ്പുര്‍: ഉദയ്പുര്‍ കൊലപാതകക്കേസില്‍ അറസ്റ്റിലായ റിയാസ് അഖ്താരിയുടെ ബൈക്കിന്റെ നമ്പര്‍ പ്രതിയുടെ ഭീകരബന്ധത്തിലേക്കുള്ള ചൂണ്ടുപലകയാണെന്ന് അന്വേഷണസംഘം.
ബൈക്കിന് 2611 എന്ന നമ്പര്‍ നേടിയെടുക്കാൻ അയ്യായിരം രൂപയോളം അധികം ചെലവഴിച്ചതായും അന്വേഷണസംഘം കണ്ടെത്തി.
2008 നവംബര്‍ 26 നു മുംബൈയിൽ പാക് ഭീകരര്‍ നടത്തിയ ഭീകരാക്രമണത്തെ 26/11 ആക്രമണമെന്നാണു പൊതുവേ വിശേഷിപ്പിക്കുന്നത്.
പാക് ഭീകരസംഘടനകളുമായി അഖ്താരിക്കു ബന്ധമുണ്ടെന്നു നേരത്തേ സ്ഥിരീകരിച്ചിരുന്നു. ഉദയ്പുരിൽ കുറ്റകൃത്യത്തിനായി റിയാസ് അഖ്താരിയും കൂട്ടുപ്രതി ഗോസ് മുഹമ്മദും എത്തി ആര്‍ജെ 27 എഎസ് 2611 എന്ന നന്പർ ബൈക്ക് ഇപ്പോള്‍ ഉദയ്പുരിലെ ദാന്മണ്ഡി പോലീസ് സ്റ്റേഷനിലാണ്.
2014 മുതൽ അഖ്താരി ഭീകരപ്രവർത്തനത്തിൽ പങ്കാളിയാണെന്നാണൂ സൂചന. 2015 ല്‍ ഇയാൾ നേപ്പാള്‍ സന്ദര്‍ശിച്ചിരുന്നു. പാക്കിസ്ഥാനിലേക്ക് മൊബൈല്‍ഫോണില്‍ വിളിക്കാറുണ്ടെന്നും അന്വേഷണസംഘം പറഞ്ഞു.
പ്രവാചകനിന്ദ നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമയെ അനുകൂലിക്കുന്ന തരത്തിൽ സമൂഹമാധ്യമത്തിൽ പരാമർശം നടത്തിയതിനാണ് ഉദയ്പുർ സ്വദേശി കനയ്യലാലിനെ ഇരുവരും ചേർന്ന് കഴുത്തറുത്ത് കൊന്നത്.
തയ്യൽക്കാരനായ കനയ്യലാലിനെ കടയിലെത്തി വകവരുത്തുകയായിരുന്നു. തുടർന്ന് ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ പരസ്യമാക്കുകയും ചെയ്തു.
അതിക്രൂരമായാണു പ്രതികൾ ആക്രമിച്ചതെന്ന് കനയ്യലാലിന്റെ പോസ്റ്റമോർട്ടം റിപ്പോർട്ടിൽ വ്യക്തമാണ്. 26 തവണയാണു പ്രതികള്‍ കുത്തിയത്. ഐഎസ് ഭീകരരുടെ ശിക്ഷാരീതിക്ക് സമാനമായായിരുന്നു ആക്രമണം.
രാജ്യാന്തരതലത്തിൽവരെ പ്രതിഷേധമുയർന്ന സംഭവത്തിൽ ഐജിയും ഉദയ്പുര്‍ എസ്പിയും ഉള്‍പ്പെടെ 32 ഓഫീസര്‍മാരെ സര്‍ക്കാര്‍ അന്വേഷണവിധേയമായി സ്ഥലം മാറ്റി.
കൊലപാതകവുമായി ബന്ധമുള്ള രണ്ടുപേരെക്കൂടി അറസ്റ്റ്ചെയ്തുവെന്ന് പോലീസ് പറഞ്ഞു. ഗൂഢാലോചനയിലും ആസൂത്രണത്തിലും പങ്കുള്ളവരാണ് അറസ്റ്റിലായത്.