രാഹുൽ ഗോപിനാഥ്
ന്യൂഡൽഹി: രാജസ്ഥാനിലെ ഉദയ്പുരിൽ തയ്യൽക്കാരനായ കനയ്യ ലാലിനെ ക്രൂരമായി കൊലപ്പെടുത്തിയ ഇസ്ലാമിക ഭീകരർക്കെതിരേ യുഎപിഎ ചുമത്തി ദേശീയ കുറ്റാന്വേഷണ ഏജൻസി (എൻഐഎ).
സംഭവത്തിൽ അന്വേഷണം നടത്തുന്നതിന് കേന്ദ്രസർക്കാരിന്റെ അനുമതി ലഭിച്ചതിനു പിന്നാലെയാണ് എൻഐഎയുടെ നടപടി. കൊലപാതകത്തിൽ അന്താരാഷ്ട്ര ഭീകര സംഘടനകളുടെ ഇടപെടൽ അന്വേഷിക്കുന്നതിനും ആവശ്യപ്പെട്ടിട്ടുണ്ട്.
മുതിർന്ന പോലീസ് ഉദ്യോഗസ്ഥർക്കൊപ്പം പ്രത്യേക അന്വേഷണ സംഘം ചൊവ്വാഴ്ച ഉദയ്പുരിലെത്തി. കൊലപാതകദൃശ്യങ്ങൾ മൊബൈലിൽ പകർത്തിയ കുറ്റവാളികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരേയും വധഭീഷണി ഉയർത്തിയിരുന്നു.
എൻഐഎക്ക് പുറമേ പ്രത്യേക അന്വേഷണ സംഘം (എസ്ഐടി), ഫോറൻസിക് വിദഗ്ധർ, ഭീകര വിരുദ്ധ സ്ക്വാഡ് എന്നിവരും തെളിവെടുപ്പിനായി സംഭവസ്ഥലത്തെത്തി.
കുറ്റവാളികളിൽ ഒരാൾക്കു പാകിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇസ്ലാമിക സംഘടനയുമായി ബന്ധമുള്ളതായും 2014ൽ പാകിസ്ഥാൻ സന്ദർശനം നടത്തിയതായും വിവരങ്ങൾ ലഭിച്ചുവെന്ന് രാജസ്ഥാൻ ഡിജിപി എം.എൽ. ലാതർ പറഞ്ഞു.
രാജസ്ഥാൻ പോലീസ് കേസ് എൻഐഎക്ക് കൈമാറി. അന്വേഷണത്തിനാവശ്യമായ സഹായങ്ങളും നൽകുന്നുണ്ട്. അറസ്റ്റിലായവർക്കു പുറമേ കേസുമായി ബന്ധപ്പെട്ട കൂടുതൽ പേരെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും ഡിജിപി കൂട്ടിച്ചേർത്തു.