കാസര്‍ഗോഡ്: പൈവളികെ കന്യാലയില്‍ മാതൃസഹോദരങ്ങളായ നാലുപേരെ കൂട്ടക്കൊല നടത്തിയ യുവാവിന് സ്വന്തം വിവാഹം നടക്കാത്തതുമൂലം കടുത്ത മാനസിക സംഘര്‍ഷമുണ്ടായിരുന്നതായി സൂചന.
മാനസികരോഗത്തിന് ചികിത്സ തേടുന്ന അവസ്ഥയില്‍ ഇയാളുടെ വിവാഹം നടത്താന്‍ ബന്ധുക്കളാരും താത്പര്യപ്പെട്ടിരുന്നില്ല. നാലുദിവസം മുമ്പ് തന്റെ ബന്ധുക്കളെയെല്ലാം കൊന്നുകളയുമെന്ന് യുവാവ് പരസ്യമായി ഭീഷണി മുഴക്കിയിരുന്നതായും പറയപ്പെടുന്നു.
കന്യാല സുതങ്കളയിലെ ബാബു അഡിഗ (70), സഹോദരങ്ങളായ വിട്ടല (65), സദാശിവ (58), ദേവകി (50) എന്നിവരാണ് തിങ്കളാഴ്ച വൈകുന്നേരം ഏഴോടെ വീട്ടിനുള്ളില്‍ കൊലചെയ്യപ്പെട്ടത്.
ഇവരുടെ മറ്റൊരു സഹോദരി ലക്ഷ്മിയുടെ മകന് ഉദയകുമാറാ (40) ണ് ഇവരെ മഴു കൊണ്ട് വെട്ടി കൊലപ്പെടുത്തിയത്. കൂട്ടക്കൊല നടത്തിയതിനുശേഷം കൈയില്‍ രക്തം പുരണ്ട മഴുവും ഉളിയുമായി കന്യാല കവലയിലെത്തിയ ഉദയകുമാറിനെ നാട്ടുകാര്‍ ഉടുമുണ്ടഴിച്ചു പിടിച്ചുകെട്ടി വീട്ടിലെത്തിക്കുകയായിരുന്നു. പിന്നീട് പോലീസ് സ്ഥലത്തെത്തി പ്രതിയെ ആള്‍ക്കൂട്ടത്തില്‍ നിന്നു മോചിപ്പിച്ച് സ്റ്റേഷനിലേക്ക് മാറ്റി.
മാനസികാസ്വാസ്ഥ്യത്തിന് സ്ഥിരമായി മരുന്ന് കഴിക്കുന്ന ആളാണ് ഉദയകുമാര്‍ എന്നു പറയുന്നു. ഇയാളുടെ പിതാവ് ബാബുദേവ വര്‍ഷങ്ങള്‍ക്കു മുമ്പ് മരിച്ചതാണ്. അവിവാഹിതരായ മാതൃസഹോദരങ്ങള്ക്കൊപ്പം അടുത്ത കാലത്താണ് ഉദയകുമാറും ലക്ഷ്മിയും സുതങ്കളയിലെ പുതിയ വീട്ടില്‍ താമസം തുടങ്ങിയത്.
വൈകുന്നേരം ഉദയകുമാറും അമ്മാവന്മാരുമായി വാക്കുതര്‍ക്കം ഉണ്ടായിരുന്നതായി പറയുന്നു. പെട്ടെന്ന് പ്രകോപിതനായ യുവാവ് കോടാലിയെടുത്ത് കുടുംബാംഗങ്ങളെ ആക്രമിക്കുകയായിരുന്നു. ഉദയന്റെ അമ്മ ലക്ഷ്മി സംഭവം കണ്ട് വീട്ടില്‍ നിന്ന് പുറത്തേക്കോടി രക്ഷപ്പെടുകയായിരുന്നുവെന്നാണ് പറയുന്നത്.
മാനസികരോഗിയെന്ന പേരില്‍ തന്നെ മാറ്റിനിര്‍ത്തുകയും വിവാഹാലോചനകള്‍ പോലും നടത്താതിരിക്കുകയും ചെയ്യുന്നതിന്റെ പേരില്‍ ഉദയന്‍ മാതൃസഹോദരങ്ങളോട് കടുത്ത വിരോധമുണ്ടായിരുന്നു. ബാബുവും വിട്ടലയും സദാശിവയും അവിവാഹിതരാണ്.
അവരുടെ വഴി തന്നെ തനിക്കുമുണ്ടാകുന്നതില് ഉദയന്‍ കടുത്ത വിഷമമുണ്ടായിരുന്നു. സംഭവം നടന്ന ദിവസം ഈ വിഷയത്തിന്റെ പേരില്‍ തന്നെയാണ് അമ്മാവന്മാരുമായി തര്‍ക്കം തുടങ്ങിയതെന്നാണ് വിവരം. കൊല്ലപ്പെട്ട വിട്ടല വിറകുവെട്ടുന്നതിനായി വായ്ത്തല മൂര്‍ച്ച കൂട്ടി വച്ചിരുന്ന മഴുവാണ് ഉദയന്‍ കൈക്കലാക്കി കുടുംബാംഗങ്ങളെ ആക്രമിച്ചത്.
പ്രതിയുടെ മാനസികനില പരിശോധിച്ചതിനു ശേഷമായിരിക്കും ഇയാളെ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തുക.