നിയാസ് മുസ്തഫ
ശിവസേന-എൻസിപി-കോൺഗ്രസ് ത്രികക്ഷി സർക്കാരിന്റെ പ്രഥമ മുഖ്യമന്ത്രിയായി ശിവസേന തലവൻ ഉദ്ധവ് താക്കറെ എത്താനുള്ള സാധ്യതയേറി. മുഖ്യമന്ത്രി പദം അഞ്ചുവർഷത്തേക്ക് ശിവസേനയ്ക്കു നൽകണോ അതോ എന്‍സിപിയുമായി പങ്കിടണമോ എന്നതു സംബന്ധിച്ചാണ് ഇപ്പോഴത്തെ ചർച്ച. എന്‍സിപിയുമായി മുഖ്യമന്ത്രി പദം പങ്കിടുന്നതിൽ ശിവസേനയ്ക്ക് എതിർപ്പുണ്ട്.
അഞ്ചുവർഷം മുഖ്യമന്ത്രി പദം തങ്ങൾക്കു നൽകണമെന്നതാണ് ശിവസേനയുടെ ഇപ്പോഴത്തെ പ്രധാന ആവശ്യം. മുഖ്യമന്ത്രിപദം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ശിവസേനയുമായി എന്‍സിപി നേതൃത്വം കലഹിക്കാനുള്ള സാധ്യത കുറവാണ്. മുഖ്യമന്ത്രിപദത്തിനു പകരം മന്ത്രിമാരുടെ വകുപ്പുകളിൽ വിട്ടുവീഴ്ച ചെയ്യാമെന്നാണ് ശിവസേന പറയുന്നത്.
അഞ്ചു വർഷം ശിവസേനയ്ക്കു മുഖ്യമന്ത്രിപദം ലഭിച്ചാൽ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയാകാനുള്ള സാധ്യതയേറെയാണ്. രണ്ടര വർഷം ലഭിച്ചാൽ ശിവസേനയിൽനിന്ന് ആദിത്യ താക്കറെ ഉൾപ്പെടെയുള്ള മറ്റാരെങ്കിലുമായിരിക്കും മുഖ്യമന്ത്രിയാവുക.
അതേസമയം, തീവ്ര ഹിന്ദുത്വ നിലപാടിൽനിന്ന് തങ്ങൾ പിന്നോട്ട് പോകുമെന്ന് ശിവസേന നേതൃത്വം എൻസിപിക്കും കോൺഗ്രസിനും ഉറപ്പു നൽകിയിട്ടുണ്ട്. ത്രികകക്ഷികൾ മുന്നോട്ടുവച്ച പൊതുമിനിമം പരിപാടിയനുസരിച്ച് ഭരണം മുന്നോട്ടു കൊണ്ടുപോകുമെന്നും ശിവസേന ഉറപ്പു നൽകുന്നു.
എന്‍സിപിക്കും കോൺഗ്രസിനും രണ്ട് ഉപമുഖ്യമന്ത്രിമാർ ഉണ്ടാവും. സ്പീക്കർ സ്ഥാനം കോൺഗ്രസിനാണ്. ശിവസേനയുമായി മുഖ്യമന്ത്രിപദം പങ്കിട്ടാൽ എൻസിപിയുടെ ഉപമുഖ്യമന്ത്രി പദം രണ്ടര വർഷം ശിവസേനയ്ക്കായിരിക്കും. 43അംഗ മന്ത്രിസഭയ്ക്കാണ് സാധ്യത. 16 മന്ത്രിമാർ ശിവേസനയ്ക്കും 15 മന്ത്രിമാർ എൻസിപിക്കും 12 മന്ത്രിമാർ കോൺഗ്രസിനും ലഭിക്കും.
ഇന്ന് ത്രികക്ഷി നേതാക്കൾ മുംബൈയിൽ അവസാനവട്ട ചർച്ചകൾ നടത്തുന്നുണ്ട്. മുഴുവൻ എംഎൽഎമാരും ഒപ്പിട്ട പിന്തുണക്കത്ത് കൈമാറി സർക്കാർ രൂപീകരിക്കാനുള്ള സന്നദ്ധത ഗവർണർ ഭഗത് സിംഗ് കോഷിയാരിയെ ത്രികക്ഷി നേതാക്കൾ നാളെ അറിയിച്ചേക്കും.
ഡിസംബർ ഒന്നിന് അപ്പുറം പോകാത്ത നിലയിൽ പുതിയ സർക്കാർ അധികാരത്തിലെത്താനുള്ള തീവ്ര ശ്രമമാണ് ഇപ്പോൾ ത്രികക്ഷി നേതാക്കൾ നടത്തുന്നത്. സർക്കാരിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താനും ഉപദേശ നിർദേശങ്ങൾ നൽകാനുമായി ത്രികക്ഷി നേതാക്കളെ ഉൾപ്പെടുത്തി പൊതു സമിതി രൂപീകരിക്കാനുള്ള ചർച്ചകളും സജീവമാണ്. മഹാ വികാസ് അഖാദി എന്നായിരിക്കും പുതിയ സഖ്യ സർക്കാരിന്റെ പേര്.