ടി.ജി.ബൈജുനാഥ്
റിലീസിനു മുന്നേ ഒരു പുതുമുഖ സംവിധായകന്റെ സിനിമ സംസാരവിഷയമാകുന്നത് അപൂർവമാണ്.
രതീഷ് രഘുനന്ദൻ രചനയും സംവിധാനവും നിർവഹിച്ച ഉടലാണ് ഇപ്പോൾ സിനിമാ ചുറ്റുവട്ടങ്ങളിൽ സംസാരവിഷയം.
സംഭ്രമവും സസ് പെൻസും അനുഭവിപ്പിക്കുന്ന പശ്ചാത്തല സംഗീതവും ദൃശ്യങ്ങളും ഇഴചേരുന്ന ഉടലിന്റെ ടീസർ സമൂഹമാധ്യമങ്ങളിൽ തരംഗമാണ്.
ഇന്ദ്രൻസ് നായകനായ ഉടൽ ഹിന്ദിയിലും തെലുങ്കിലും റീമേക്ക് ചെയ്യാനുള്ള ഒരുക്കങ്ങളിലാണ് ശ്രീ ഗോകുലം മൂവീസ്. ഈ കഥയും കഥാപാത്രവും ആലോചിച്ചപ്പോൾ ആദ്യ ചോയ്സ് ഇന്ദ്രൻസ് തന്നെയായിരുന്നുവെന്ന് രതീഷ് രഘുനന്ദൻ.
‘ ഫാമിലി ഡ്രാമയാണ് ഉടൽ. എന്നാൽ, സീറ്റ് എഡ്ജ് ത്രില്ലർ കൂടിയാണ് സെക്കൻഡ് ഹാഫ്. ഒരു രാത്രിയിൽ സംഭവിക്കുന്ന കാര്യങ്ങളാണ് സിനിമയുടെ വലിയൊരു ഭാഗവും.
100 ശതമാനവും ഫിക്്ഷനാണ്. അതേ സമയം, നമ്മുടെ വീടുകളിലോ അയൽ വീടുകളിലോ നമ്മുടെ ജീവിത പരിസരങ്ങളിലോ സംഭവിക്കാനോ സംഭവിച്ചിരിക്കാനോ ഇടയുള്ള ചില കാര്യങ്ങളാണ്.
ഇങ്ങനെയൊരു വിഷയം പറയണമെന്നു തോന്നി തന്നെ ചെയ്തതാണ്.’- രതീഷ് രഘുനന്ദൻ പറയുന്നു.
പ്രഖ്യാപിച്ചതു ‘സത്യൻ’, വന്നത് ‘ഉടൽ’
‘സത്യൻ ബയോപിക് എന്ന വലിയ സിനിമയുടെ പ്രീ പ്രൊഡക്ഷൻ ജോലികൾ പാതിയെത്തിയപ്പോൾ കോവിഡ്, ലോക്ഡൗണ് പ്രശ്നങ്ങളായി.
2021 ൽ ഷൂട്ടിംഗ് തുടങ്ങുംവിധം പ്രീപ്രൊഡക്ഷൻ വീണ്ടും തുടങ്ങിയപ്പോൾ രണ്ടാം തരംഗമെത്തി.
ഒരു സിനിമയ്ക്കുവേണ്ടി ഒരുപാടു കാത്തിരുന്നു
വർഷങ്ങൾ പോവുകയാണ്. അതുവേണ്ട, ലോക്ഡൗണ് കാലത്തിനു പറ്റിയ ചെറിയ സ്കെയിലിലുള്ള ഒരു സിനിമ ചെയ്യാമെന്നു കരുതി.
സത്യനു വേണ്ടി കാത്തിരിക്കാതെ അത്തരം ഒരു സിനിമ എനിക്കു വളരെ നേരത്തേ ചെയ്യാനാകുമായിരുന്നു.
സാഹചര്യം കൊണ്ട് അതിലേക്ക് എത്തിയപ്പോൾ വെറുതേ എന്തെങ്കിലും പറയാതെ സാമൂഹിക പ്രസക്തിയുള്ള ഒരു കഥ പറയണമെന്നുണ്ടായിരുന്നു. ഈ കാലഘട്ടത്തിൽ ഏറെ പ്രസക്തമായ ഒരു വിഷയമാണ് ഉടൽ പറയുന്നത്.
ഹോമിനു മുന്നേ…
ഇന്ദ്രൻസേട്ടന് അടുത്തകാലത്ത് ഏറെ പ്രശംസ നേടിക്കൊടുത്ത സിനിമയാണല്ലോ ഹോം. ഹോം റിലീസാകുന്നതിനു മുന്പേ ഇന്ദ്രൻസേട്ടനോടു കഥ പറയുകയും അദ്ദേഹത്തെ നായകനാക്കി ആലോചിക്കുകയും ചെയ്്ത സിനിമയാണിത്.
ഈ സിനിമയുടെ ഷൂട്ടിംഗ് തുടങ്ങി പതിനൊന്നാം ദിവസമാണ് ഹോം റിലിസായത്. അടുത്ത സുഹൃത്തായ ധ്യാനോടാണ് ആദ്യം കഥ പറഞ്ഞത്.
‘ ഉഗ്രൻ സംഭവമാണ്. എന്തിനാണു വൈകിക്കുന്നത്. പെട്ടെന്നു ചെയ്യാം’- അതായിരുന്നു ധ്യാന്റെ നിലപാട്. ഇന്ദ്രൻസേട്ടൻ ചെയ്താൽ ഗംഭീരമാകുമെന്നു ധ്യാനും പറഞ്ഞു.
അങ്ങനെ ഒരാഴ്ചകൊണ്ടു സ്ക്രിപ്റ്റ് പൂർത്തിയാക്കി ഇന്ദ്രൻസേട്ടനു വായിക്കാൻ കൊടുത്തു. അടുത്ത ദിവസം അദ്ദേഹം
എന്നെ വിളിച്ച് ‘സംഭവം കൊള്ളാം, നമുക്കിതു ചെയ്യാം’ എന്നു പറഞ്ഞു.
ഇന്ദ്രൻസ്, ധ്യാൻ, ദുർഗ
തിരക്കഥയ്ക്കൊപ്പം മനസിലേക്കു വന്ന മൂന്നു പേരുകൾ…ഇന്ദ്രൻസ്, ധ്യാൻ ശ്രീനിവാസൻ, ദുർഗ കൃഷ്ണ എന്നിവരുടേതായിരുന്നു. കുട്ടിച്ചായൻ – അതാണ് ഇന്ദ്രൻസേട്ടന്റെ കഥാപാത്രം.
തൊടുപുഴയ്ക്കടുത്തു താമസിക്കുന്ന മലയോര കുടിയേറ്റ കർഷകൻ. ഇക്കാലമത്രയും സ്വന്തം കുടുംബത്തിനു വേണ്ടി ജീവിച്ചയാൾ.
പ്രായമായതോടെ കുടുംബത്തിൽ നടക്കുന്ന തലമുറമാറ്റം അയാളുടെ ജീവിതത്തിലുണ്ടാക്കുന്ന പ്രശ്നങ്ങളാണ് സിനിമ പറയുന്നത്.
ധ്യാനും ദുർഗയും ഇന്ദ്രൻസേട്ടന്റെ സപ്പോർട്ടിംഗ് ആക്ടേഴ്സാണ്; സഹനടനും സഹനടിയും. ഇവരുടെ കഥാപാത്രങ്ങൾ തമ്മിലുള്ള ബന്ധം വളരെ സങ്കീർണമാണ്.
അത് കുട്ടിച്ചായന്റെ വീടിനെ ചുറ്റിപ്പറ്റിയുള്ളതുമാണ്. കിരണ്, ഷൈനി എന്നിങ്ങനെയാണ് ധ്യാന്റെയും ദുർഗയുടെയും കഥാപാത്രങ്ങൾ.
ജൂഡ് ആന്റണി ജോസഫ് റെജി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. അരുൺ പുനലൂരും ശ്രദ്ധേയ വേഷത്തിലെത്തുന്നു.
കുട്ടിച്ചായന്റെ ലുക്ക്
കുട്ടിച്ചായൻ എന്ന കഥാപാത്രത്തിനൊപ്പം രൂപപ്പെട്ടു വന്നതാണ് ആ ലുക്കും മാനറിസങ്ങളും. ഒരു കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെട്ടയാളാണ് കുട്ടിച്ചായൻ.
ആ കണ്ണ് വെളുത്തിരിക്കുകയാണ്. അതാണു ലുക്കിലെ പ്രത്യേകത. പിന്നെ, ചെറിയ കഷണ്ടിയുണ്ട്. പത്തനാപുരം ചേകമാണ്
എന്റെ നാട്. കുടിയേറ്റ കർഷകരുളള മലയോര ഗ്രാമം. ആ ജീവിത പശ്ചത്തലത്തിലുള്ള ഒരാളുടെ മാനറിസം, അവർ എന്തു ചിന്തിക്കും, എങ്ങനെ പെരുമാറും, അവരുടെ ലുക്കും ഫീലും എങ്ങനെയായിരിക്കും..
ഇതെല്ലാം ഞാൻ കണ്ടു വളർന്ന കാര്യങ്ങൾ. അത്തരം ധാരണകളിൽ നിന്നു രൂപപ്പെട്ടതാണ് കുട്ടിച്ചായന്റെ ലുക്ക്.
ഉടൽ പറയുന്നത്
വിവിധ തലമുറകളിൽപ്പെട്ടവർ ജീവിതത്തിലെ ബന്ധങ്ങളെ എങ്ങനെ കാണുന്നുവെന്നു പറയുകയാണ് ഉടൽ.
ഇന്ദ്രൻസിന്റെ പ്രായമുള്ള ഒരു മനുഷ്യൻ അയാളുടെ ജീവിതത്തിലെ ബന്ധങ്ങളെ എങ്ങനെ കാണുന്നു, ആ ബന്ധങ്ങളോട് അയാൾ എത്രമാത്രം ആത്മാർഥത പുലർത്തുന്നു,
ധ്യാനെപ്പോലെ ഒരു ചെറുപ്പക്കാരനും ദുർഗയെപ്പോലെ ഒരു ചെറുപ്പക്കാരിയും… അവരുടെ തലമുറയിൽപ്പെട്ട ആളുകൾ അവരവരുടെ ജീവിതത്തിലെ ബന്ധങ്ങളെ എങ്ങനെയാണു കാണുന്നത്…തലമുറകൾ മാറുന്പോൾ ബന്ധങ്ങളിലുണ്ടാകുന്ന മാറ്റമാണു സിനിമ പറയുന്നത്.
‘ഉടൽ’ ബന്ധങ്ങൾ
ഇന്നത്തെ കാലത്ത് റിലേഷൻഷിപ്സിൽ ഭൂരിഭാഗവും ഫിസിക്കലാണ്. ബന്ധങ്ങൾ ശാരീരികമാണ്.
പൂർണമായും ഈ സിനിമയുടെ അടിത്തറ ശരീരം(ഉടൽ)എന്ന ഫിസിക്കൽ കാര്യത്തിലാണ്.
ഉടൽ എന്ന വാക്ക് ഈ സിനിമയിലെ എല്ലാ കഥാപാത്രങ്ങളെയും ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ബാധിക്കുന്നുണ്ട്.
സ്വന്തം ശരീരം, എനിക്ക് ഏറ്റവും വേണ്ടപ്പെട്ട ആളിന്റെ ശരീരം, എന്റെ ശാരീരികമായ ആവശ്യങ്ങൾ…
അങ്ങനെയൊക്കെയാണ് അതിനെ നിർവചിക്കാനാകുന്നത്.
ഇന്ദ്രൻസ് സ്റ്റൈൽ
ഇന്ദ്രൻസേട്ടനു കഥ ഇഷ്ടപ്പെട്ടാൽ അദ്ദേഹം തിരക്കഥ ആവശ്യപ്പെടും. തിരക്കഥ വായിച്ച് ഇഷ്ടപ്പെട്ടാൽ അദ്ദേഹം യേസ് പറയും.
ഷൂട്ടിംഗിനു വരുന്നതിനു മുന്പു തന്നെ സംവിധായകന്റെ മനസിൽ ആ കഥാപാത്രം എന്താണെന്നും എങ്ങനെയാണ് ഈ സിനിമ ചെയ്യാൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമായി ചോദിച്ചു മനസിലാക്കും.
അതു ബോധ്യമാകുന്ന നിമിഷത്തിലാണ് അദ്ദേഹം യേസ് പറയുക. പിന്നെ സെറ്റിൽ വന്ന് ഒരു ചോദ്യവുമില്ല. നമ്മൾ എന്താണോ ആവശ്യപ്പെടുന്നത് അദ്ദേഹം അതു തരും.
ഇത് എന്തിനാണെന്നോ ഇതു വേണോ എന്നോ ഇതു വേണ്ടാ എന്നോ അല്ലെങ്കിൽ എനിക്കു ചെയ്യാൻ പറ്റില്ലെന്നോ…അങ്ങനെയൊന്നുമില്ല.
പൂർണമായും ഡയറക്ടേഴ്സ് ആർട്ടിസ്റ്റാണ് ഇന്ദ്രൻസേട്ടൻ. സെറ്റിൽ വരിക, പറയുന്ന ജോലി കൃത്യമായി ചെയ്യുക, പോവുക…അതിനപ്പുറമൊന്നുമില്ല.
പ്രഫഷണലായ മഹാനടൻ
ആവശ്യമില്ലാത്ത ചോദ്യങ്ങൾ, ആവശ്യമില്ലാത്ത ഇടപെടലുകൾ, ആവശ്യമില്ലാത്ത സംശയങ്ങൾ, ആവശ്യമില്ലാത്ത ബുദ്ധിമുട്ടുണ്ടാക്കലുകൾ….ഒന്നുമില്ല.
ഇന്ദ്രൻസേട്ടനോടു പറയുന്ന സമയത്ത് അദ്ദേഹത്തോടു പറയുന്നതിനേക്കാൾ മുകളിൽ പെർഫോം ചെയ്യും. തികച്ചും പ്രഫഷണലായ മഹാനടൻ.
ഉടലിലെ പെർഫോമൻസൊന്നും അദ്ദേഹത്തിന്റെ ഏറ്റവും മികച്ചതെന്നു പറയാനാവില്ല. കാരണം, അദ്ദേഹത്തെ മലയാള സിനിമ പൂർണമായും എക്സ്പ്ലോർ ചെയ്തിട്ടില്ല. അദ്ദേഹത്തിനു ചലഞ്ചിംഗായ വേഷങ്ങളൊന്നും ഇവിടെ എഴുതപ്പെടുന്നുമില്ല, അദ്ദേഹത്തിനു കിട്ടുന്നുമില്ല. അത്രയ്ക്കു ഗംഭീര നടനാണ്.
ഇമേജ് ഭയമില്ലാതെ
കുറച്ച് തീവ്രമായ മൂഹൂർത്തങ്ങളുള്ള, സീനുകളുള്ള സിനിമയാണിത്. ഒന്നു രണ്ട് മേക്കോവർ സീനുകളും ആവശ്യമുള്ള സിനിമയാണ്.
അതിതീവ്രമായ ഒരുപാടു മുഹൂർത്തങ്ങളിലൂടെ കടന്നുപോകുന്നയാളാണ് ദുർഗയുടെ കഥാപാത്രം ഷൈനി.
ഏറെ ഇമോഷണൽ ഷിഫ്റ്റുള്ള കഥാപാത്രം. കാരക്ടർ ആർക്ക് എന്ന ഹെവിയായ ചില മൊമന്റ്സ് അഭിനയിക്കേണ്ട വേഷവുമാണ്.
അതൊക്കെ അഭിനയിച്ചു ഫലിപ്പിക്കാൻ പറ്റിയ ആളാണോ, തന്റെ ഇമേജിനെ ഒട്ടും ബാധിക്കുമെന്ന ഭയമില്ലാതെ ഈ കഥാപാത്രത്തിനുവേണ്ടി എന്തും ചെയ്യാൻ തയാറാകുന്ന ആളാണോ – ദുർഗയെ ആലോചിക്കുന്പോൾ ഈ രണ്ടു കാര്യങ്ങളാണു പരിഗണിച്ചത്.
അടുത്ത മൊമന്റിൽ ഇവർ എന്തു ചെയ്യും, ഇവരുടെ എസ്ക്പ്രഷൻ എന്തായിരിക്കും എന്ന കാര്യത്തിലൊക്കെ ഒരുപാടു സിനിമകൾ ചെയ്യാത്ത ഒരാളാണെങ്കിൽ പ്രേക്ഷകന്റെ മുൻധാരണകൾ കുറയും. സർപ്രൈസിംഗ് ആയ കുറച്ചു മുഹൂർത്തങ്ങൾ നല്കാനുമാവും.
മനോജ്പിള്ള, നിഷാദ് യൂസഫ്
ഛായാഗ്രഹണം മനോജ് പിളള. പാലേരി മാണിക്യം, മാമാങ്കം ഉൾപ്പെടെയുള്ള വലിയ സിനിമകൾ ചെയ്ത കാമറാമാൻ. ഈ കഥ ഇഷ്ടപ്പെട്ടതു കൊണ്ടാണ് അദ്ദേഹം വന്നത്. എഡിറ്റിംഗ് നിഷാദ് യൂസഫ്. ഉണ്ട, ഓപ്പറേഷൻ ജാവ, തല്ലുമാല, സൗദി വെളളയ്ക്ക…തുടങ്ങിയവയുടെ എഡിറ്റർ.
മഹേഷ് ഭുവനേന്ദാണ് ടീസർ കട്ട് ചെയ്തത്.’ മേക്കിംഗ് ഓഫ് ‘ഉടൽ’ അമൃത ടീവിയുടെ ബെസ്റ്റ് സിറ്റിസണ് ജേണലിസ്റ്റ് റിയാലിറ്റി ഷോയിലൂടെ മാധ്യമരംഗത്ത് എത്തിയ രതീഷ് രഘുനന്ദൻ അമൃതടീവി, മീഡിയ വണ്, റിപ്പോർട്ടർ ടിവി എന്നിവയിൽ റിപ്പോർട്ടറും ദുബൈയിൽ റേഡിയോ ഏഷ്യയിൽ റേഡിയോ ജോക്കിയും ആയിരുന്നു.
‘ കോവിഡിന്റെ രണ്ടാം തരംഗം അവസാനിച്ചപ്പോൾ ആദ്യം ഷൂട്ടിംഗ് തുടങ്ങിയ സിനിമയാണിത്. തൊടുപുഴയിൽ 20 ദിവസം കൊണ്ടു ചിത്രീകരണം പൂർത്തിയായി. മ്യൂസിക് ചെയ്തത് വില്യം ഫ്രാൻസിസ്.
കെട്ട്യോളാണെന്റെ മാലാഖ, മോഹൻകുമാർ ഫാൻസ്(ബാക്ക് ഗ്രൗണ്ട് സ്കോർ) തുടങ്ങിയ പടങ്ങളുടെ സംഗീത സംവിധായകൻ. ബി.ടി അനിൽ കുമാർ എഴുതി വില്യം പാടിയ പാട്ടുണ്ട് ഇതിൽ.’ – രതീഷ് രഘുനന്ദൻ പറയുന്നു.