തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പ്രതിപക്ഷ കക്ഷികളായ യുഡിഎഫും ബിജെപിയും നടത്തുന്ന സത്യഗ്രഹ സമരം മൂന്നാം ദിവസത്തിലേക്ക്. യുഡിഎഫ് എംഎൽഎമാരായ വി.എസ്.ശിവകുമാർ, എൻ.ജയരാജ്, പാറയ്ക്കൽ അബ്ദുള്ള എന്നിവരാണ് നിയമസഭ കവാടത്തിന് മുന്നിൽ അനിശ്ചിതകാല സത്യഗ്രഹം നടത്തുന്നത്.
അതേസമയം സെക്രട്ടറിയേറ്റിന് മുന്നിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ.രാധാകൃഷ്ണന്റെ അനിശ്ചിതകാല നിരാഹാരസമരം തുടരുകയാണ്. ശബരിമലയിലെ 144 പിൻവലിക്കുക, ബിജെപി നേതാവ് കെ.സുരേന്ദ്രനെതിരെയുള്ള സർക്കാരിന്റെയും പോലീസിന്റെയും പ്രതികാര നടപടി അവസാനിപ്പിക്കുക, അയ്യപ്പഭക്തൻമാർക്ക് ശബരിമലയിൽ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബിജെപിയുടെ നിരാഹാര സമരം തുടരുന്നത്.
ബിജെപി ദേശീയ നേതാക്കളുടെ ആശീർവാദത്തോടെയാണ് എ.എൻ.രാധാകൃഷ്ണന്റെ നിരാഹാരം. സർക്കാർ സമവായത്തിലെത്തുന്നതുവരെ നിരാഹാര സമരവുമായി മുന്നോട്ട് പോകുമെന്ന നിലപാടിലാണ് ബിജെപി നേതൃത്വം.