കോട്ടയം: കേരള കോണ്‍ഗ്രസിലെ തെരഞ്ഞെടുപ്പ് ചിഹ്ന തർക്കത്തെ പരിഹസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. യുഡിഎഫിനു ചിഹ്നം പോലുമില്ലാത്ത തെരഞ്ഞെടുപ്പാണിത്. നേരത്തെ ഒട്ടകവും കൊണ്ടു ജോസഫ് പോയി. ഇപ്പോൾ രണ്ടിലയും കൊണ്ടുപോയി. ഇനിയിപ്പോ പുലിയാണോ ചിഹ്നമെന്ന് അറിയില്ലെന്നായിരുന്നു കോടിയേരിയുടെ പരിഹാസം.
പാലായിൽ ശബരിമല വിഷയം ചർച്ചയാക്കിയാൽ സിപിഎം അതിൽനിന്ന് ഒളിച്ചോടില്ലെന്നും കോടിയേരി വ്യക്തമാക്കി. സിപിഎം വിശ്വാസികളോടു നിലപാടു വിശദീകരിക്കും. ശബരിമല വിഷയത്തിൽ മുഖ്യമന്ത്രിയും പാർട്ടിയും രണ്ടു തട്ടിലല്ല- കോടിയേരി പറഞ്ഞു.
ശബരിമല വിഷയത്തിൽ ബിജെപിയും കോണ്‍ഗ്രസും വിശ്വാസികളെ കബളിപ്പിച്ചു. സുപ്രീം കോടതി വിധി മറികടക്കാൻ നിയമനിർമാണം പറ്റില്ലെന്നാണു ബിജെപി ഇപ്പോൾ പറയുന്നത്. പാർലമെന്റിനു പോലും നിയമനിർമാണം നടത്താനാവാത്ത കാര്യത്തിൽ നിയമസഭ നിയമമുണ്ടാക്കുമെന്നാണു കോണ്‍ഗ്രസിന്റെ വാദം. ഇതെല്ലാം ജനങ്ങളെ കബളിപ്പിക്കലാണെന്നു കോടിയേരി പറഞ്ഞു.
ഭരണനേട്ടങ്ങൾ മുൻനിർത്തി തന്നെയാണ് ഇടതു മുന്നണി ജനങ്ങളെ അഭിമുഖീകരിക്കുന്നത്. അതിനൊപ്പം സംസ്ഥാന രാഷ്ട്രീയവും ദേശീയ രാഷ്ട്രീയവും ചർച്ചാ വിഷയമാക്കും. ഉപതെരഞ്ഞെടുപ്പ് സർക്കാരിന്റെ വിലയിരുത്തലാകുമെന്നു മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.