തിരുവനന്തപുരം: കെപിസിസി പ്രസിഡന്റായി പ്രഖ്യാപിക്കപ്പെട്ട കെ. സുധാകരൻ ഇപ്പോൾ നേതാക്കളെ കണ്ട് പിന്തുണ ഉറപ്പാക്കാനുള്ള നീക്കങ്ങളുമായി മുന്നോട്ടു പോകുന്പോൾ പുതിയ യുഡിഎഫ് കൺവീനർ ആരെന്നതിനെച്ചൊല്ലിയുള്ള ചർച്ചകൾ കോൺഗ്രസിൽ നടക്കുകയാണ്.
കെ.മുരളീധരന്റെയും കെ.വി തോമസിന്റെയും പേരുകളാണ് ഇപ്പോൾ ഉയർന്നു നിൽക്കുന്നത്. കെപിസിസി പ്രസിഡന്റായി പ്രവർത്തിച്ച അനുഭവ പരിചയം കെ.മുരളീധരനു മുതൽക്കൂട്ടാവുമെന്ന ചിന്തയിലാണ് ഹൈക്കമാൻഡ്.
അതേസമയം വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് നീക്കിയ കെ.വി തോമസിന് യുഡിഎഫ് കൺവീനർ സ്ഥാനം നൽകിയേക്കുമെന്നും നേരത്തെ മുതൽ വാർത്തകളുണ്ടായിരുന്നു.
കൺവീനർ സ്ഥാനം വേണ്ടെന്ന നിലപാട് മുരളീധരൻ സ്വീകരിച്ചാൽ കെ.വി തോമസിനെത്തന്നെ പരിഗണിക്കുമെന്നും അറിയുന്നു.
അതേസമയം ഹൈക്കമാൻഡ് ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന ആക്ഷേപമാണ് ഗ്രൂപ്പ് നേതൃത്വങ്ങൾക്കുള്ളത്.
പ്രതിപക്ഷ നേതാവിനേയും കെപിസിസി പ്രസിഡന്റിനേയും തെരഞ്ഞെടുത്തത് ഗ്രൂപ്പുകളെ അപ്രസക്തമാക്കിക്കൊണ്ടായിരുന്നു.
സംസ്ഥാന കോൺഗ്രസിൽ ഗ്രൂപ്പുകളുടെ അപ്രമാദിത്വം അവസാനിപ്പിക്കുകയെന്ന ലക്ഷ്യവും ഹൈക്കമാൻഡ് മുന്നിൽ കാണുന്നുണ്ട്.
അടുത്തയാഴ്ചയോടെ കെ.സുധാകരൻ കെപിസിസി പ്രസിഡന്റ് സ്ഥാനം ഔദ്യോഗികമായി സ്വീകരിക്കും. ജംബോ കമ്മിറ്റികൾ പിരിച്ചു വിടുമെന്ന സൂചനകൾ നേരത്തെ തന്നെ സുധാകരൻ നൽകിയിട്ടുണ്ട്.
ഭാരവാഹി പട്ടികയിൽ നിന്ന് തങ്ങളിൽ പലരും പുറത്താക്കപ്പെടുമോയെന്ന് പല ഗ്രൂപ്പ് നേതാക്കൾക്കും ആശങ്കയുണ്ട്.